മേജർ ജനറൽ തുർക്കി അൽ മാലിക്കി

യമൻ സർക്കാറിന് പൂർണ പിന്തുണ തുടരുമെന്ന് അറബ് സഖ്യസേന

റിയാദ്: യമൻ സർക്കാരിന് പൂർണ പിന്തുണ തുടരുമെന്ന്  അറബ് സഖ്യസേന ആവർത്തിച്ച് പ്രഖ്യാപിച്ചു. ഹൂതി ആക്രമണങ്ങൾ പ്രാദേശിക സുരക്ഷക്ക്  ഭീഷണിയാണെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ സൈനിക നടപടികൾ ശക്തമാക്കുമെന്നും സഖ്യസേന വക്താവ്  മേജർ ജനറൽ തുർക്കി അൽ മാലിക്കി ആവർത്തിച്ച് വ്യക്തമാക്കി. യമനിലെ ഭരണകൂട സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കുകയും ഹൂത്തി വിമതരിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കുകയും ചെയ്യുന്നത് വരെ യമൻ സേനക്ക്  പ്രായോഗികമായ  പിന്തുണ നൽകുന്നത് തുടരുമെന്ന് യമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണക്കുന്ന സഖ്യസേനയുടെ  ഔദ്യോഗിക വക്താവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

യമൻ സർക്കാരിനെയും ജനങ്ങളെയും പിന്തുണക്കുന്നതിലും, ഭരണകൂട സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ഹൂത്തികളുടെ നിയന്ത്രണം അവസാനിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളിലും സഖ്യസേന പ്രതിജ്ഞാബദ്ധമാണെന്ന് അൽ മാലിക്കി ചൂണ്ടിക്കാണിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ആഭ്യന്തര ഉപരോധം ഏർപ്പെടുത്തുക, താമസക്കാരെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുക, ഭക്ഷണ ലഭ്യത തടയുക, വിഭവങ്ങൾ കൊള്ളയടിക്കുകയും അവ സൈനിക നീക്കങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുക തുടങ്ങി യമൻ ജനതക്കെതിരെ ഗുരുതരമായ ലംഘനങ്ങൾ ഹൂത്തി വിമതർ തുടരുന്നതായി അൽ മാലിക്കി ആരോപിച്ചു. ഗോത്രനേതാക്കളെ ലക്ഷ്യമിടുക, യമനിലെ സാമൂഹിക കെട്ടുറപ്പിന് കോട്ടം വരുത്തുക, സ്ത്രീകളെ ഭീഷണിപ്പെടുത്തുക, കുട്ടികളെ സൈനിക സേവനത്തിനായി റിക്രൂട്ട് ചെയ്യുക തുടങ്ങിയ നടപടികൾ വിമതർ സ്വീകരിച്ചിട്ടുണ്ടെന്നും, ഇത്തരം പ്രവൃത്തികൾ യമൻ ജനതയുടെ ദുരിതം നീണ്ടുപോകാൻ കാരണമായ കൈയേറ്റ ങ്ങളാണെന്നും  അദ്ദേഹം പറഞ്ഞു. മക്ക, മദീന എന്നീ പവിത്രമായ പ്രദേശങ്ങൾക്ക് നേരെയും റിയാദ്, അബഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്‌റാൻ, ത്വാഇഫ്, യാംബു  എന്നിവിടങ്ങളിലെ സാധാരണക്കാരുടെ വാസസ്ഥലങ്ങൾ ഉൾപ്പെടയുള്ളവക്ക് നേരെയും നടത്തിയ ആക്രമണങ്ങളും ആക്രമണ ശ്രമങ്ങളും ഉൾപ്പെടെ സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണങ്ങളെയും വക്താവ് എടുത്തുപറഞ്ഞു.

തെക്കൻ ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സൗദി കപ്പലുകളെ ലക്ഷ്യമിടാനും വിമതർ ശ്രമിച്ചു . ഹൂത്തി ആക്രമണ ങ്ങളെ തടയുന്നതിനും സുരക്ഷ ഉറപ്പുവരുത്താനും ഒപ്പം പ്രാദേശികവും അന്താരാഷ്ട്രവുമായ സമാധാനം സംരക്ഷിക്കുന്നതിനും സൈനിക നടപടികൾ തുടരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനും വിമതരിൽ നിന്നുള്ള ഭീഷണികളെ നേരിടാൻ ആവശ്യമായ എല്ലാ പ്രതിരോധ  നടപടികളും സ്വീകരിക്കാനുമുള്ള രാജ്യത്തിന്റെ  മൗലികമായ അവകാശം അൽ മാലിക്കി ഊന്നിപ്പറഞ്ഞു.

ഇരു ഹറം പള്ളികളെയും രാജ്യത്തെ പൗരന്മാരെയും ദേശീയ ആസ്തികളെയും താമസക്കാരെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമാണ് രാജ്യത്തിന്റെ ഓരോ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യമനിലെ ഭരണകൂടത്തെയും സ്ഥാപനങ്ങളെയും പുനഃസ്ഥാപിക്കുന്നതുവരെയും ഹൂത്തി സായുധ സംഘത്തെ ഉന്മൂലനം ചെയ്യുന്നതുവരെയും തെക്കൻ ചെങ്കടലിലെയും ബാബ് അൽ മൻദബ് കടലിടുക്കിലെയും സഞ്ചാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണികൾ അവസാനിപ്പിക്കുന്നതു വരെയും സൗദി അറേബ്യ യമനെയും അവിടുത്തെ ജനങ്ങളെയും പിന്തുണക്കുന്നത് തുടരുമെന്ന് അദ്ദേഹം ആവർത്തിച്ച് അറിയിച്ചു. അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയുടെ നിർണായക പാതയായ ബാബ് അൽ മൻദബ് കടലിടുക്ക് ഉൾപ്പെടുന്ന ഈ മേഖലയിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഭീഷണികൾ പ്രാദേശിക-അന്താരാഷ്ട്ര സുരക്ഷക്കും  സഞ്ചാര സ്വാതന്ത്ര്യത്തിനും ആഗോള വ്യാപാരത്തിനും വെല്ലുവിളിയാണെന്ന് മേജർ ജനറൽ തുർക്കി അൽ മാലിക്കി  മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Arab Coalition reaffirms full support for Yemen government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.