റിയാദിൽ തുടക്കം കുറിച്ച സൗദി അന്താരാഷ്ട്ര ഫാൽക്കൺ ആൻഡ് ഹണ്ടിങ് എക്സിബിഷൻ കാഴ്ച്ചകൾ
റിയാദിൽ സൗദി അന്താരാഷ്ട്ര ഫാൽക്കൺ ആൻഡ് ഹണ്ടിങ് എക്സിബിഷൻ ആരംഭിച്ചു
റിയാദ്: 2026ലെ സൗദി അന്താരാഷ്ട്ര ഫാൽക്കൺ ആൻഡ് ഹണ്ടിങ് എക്സിബിഷൻ പരിപാടികൾ ആരംഭിച്ചു. റിയാദിന്റെ വടക്ക് മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ദേശീയ ഫാൽക്കൺസ് കേന്ദ്രം സംഘടിപ്പിക്കുന്ന ഈ മേളയിൽ ഏകദേശം 1500 പ്രദർശകരും ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്. ‘എല്ലാവരുടെയും ലക്ഷ്യസ്ഥാനം’എന്ന തലക്കെട്ടിൽ നടക്കുന്ന പ്രദർശനം ഫാൽക്കൺ പ്രേമികൾ, വേട്ടയാടൽ, സാഹസികത, യാത്രകൾ, സാംസ്കാരിക-വിജ്ഞാന അനുഭവങ്ങൾ എന്നിവയെല്ലാം ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടുന്ന വേദിയാണ്.
2018ൽ ആരംഭിച്ചതു മുതൽ ഈ പ്രദർശനം നടന്നുവരുന്നു. കഴിഞ്ഞ വർഷം 47 രാജ്യങ്ങളിൽ നിന്നുള്ള 1,400 ലധികം പ്രദർശകരുടെയും ബ്രാൻഡുകളുടെയും പങ്കാളിത്തത്തോടെ ഏഴ് ലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ചിരുന്നു. വിൽപന 91 ദശലക്ഷം റിയാലിൽ കവിഞ്ഞിരുന്നു.
ഫാൽക്കനെയും അതുമായി ബന്ധപ്പെട്ട പാരമ്പര്യത്തെയും തുറന്നു കാട്ടുന്നതാണ് പ്രദർശനം. അറിവും പ്രായോഗികതയും വിനോദവും സംയോജിപ്പി ക്കുന്ന വഴികളിലൂടെ സാംസ്കാരിക പൈതൃകത്തെ വേട്ടയാടൽ, യാത്രകൾ, സാഹസികത എന്നിവയിലെ ആധുനിക അനുഭവങ്ങളുമായി ഇത് ബന്ധിപ്പിക്കുന്നു. ‘ഭാവിയിലെ ഫാൽക്കൺ വിദഗ്ധൻ’ ‘ശാലായിൽ’ മ്യൂസിയം, മൃഗങ്ങളെ പരുവപ്പെടുത്തി സൂക്ഷിക്കുന്ന ലോകം, ഫോർ-വീൽ ഡ്രൈവ് അനുഭവങ്ങൾ, അമ്പെയ്ത്ത്, ഫാൽക്കൺ പരിശീലന മൽത്സരം, സമുദ്ര മത്സ്യബന്ധനം, ഹൈക്കിങ്, സഫാരി, ഒട്ടകയോട്ടവും കുതിരസവാരിയും, ഫാൽക്കൺ ലേലം, വേട്ടയാടൽ അനുഭവം, നാടോടി കലാരൂപങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവയും പ്രധാന പരിപാടികളിലുൾപ്പെടുന്നു. ഒക്ടോബർ നാല് മുതൽ ഒമ്പത് വരെ നടക്കുന്ന 'അൽ-മിൽവാഹ്' മത്സരം ഈ പ്രദർശന പരിപാടിയിൽ ഉൾപ്പെടുന്നു.
റിയാദിൽ തുടക്കം കുറിച്ച സൗദി അന്താരാഷ്ട്ര ഫാൽക്കൺ ആൻഡ് ഹണ്ടിങ് എക്സിബിഷൻ കാഴ്ച്ചകൾ
ഈ വർഷം ഇത് 12 റൗണ്ടുകളായി വിപുലീകരിച്ചിട്ടുണ്ട്. ഇതിൽ ഉടമകൾക്കും ഫാൽക്കൺ പ്രേമികൾക്കും വേണ്ടി ആറ് റൗണ്ടുകളും, പ്രൊഫഷണലുകൾക്കും പ്രമുഖർക്കും വേണ്ടി ആറ് റൗണ്ടുകളുമാണുള്ളത്. ഓരോ റൗണ്ടിലും ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടുന്നവർക്കായി ആകെ 7,23,000 റിയാൽ സമ്മാനത്തുകയായി വിതരണം ചെയ്യും.
വേട്ടയാടൽ, അമ്പെയ്ത്ത്, എയർ ഗണ്ണുകൾ, അവയുമായി ബന്ധപ്പെട്ട സാധനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, സുരക്ഷാ-സംഭരണ സാമഗ്രികൾ, അറ്റകുറ്റപ്പണികൾ, പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളെയും സ്ഥാപനങ്ങളെയും ഒന്നിപ്പിക്കുന്ന വേട്ടയാടലിനും അമ്പെയ്ത്തിനുമായുള്ള പ്രത്യേക സ്ഥലവും ഈ പ്രദർശനത്തിലുണ്ട്.
വിലയേറിയ താരമായി മംഗോളിയൻ ഫാൽക്കണുകൾ
റിയാദ്: 2026ലെ സൗദി അന്താരാഷ്ട്ര ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷന്റെ ഭാഗമായി ആരംഭിച്ച മംഗോളിയൻ ഫാൽക്കൺ ലേലത്തിന്റെ ആദ്യ രാത്രിയിൽത്തന്നെ രണ്ട് ഫാൽക്കണുകൾ വിറ്റത് 550,000 റിയാലിന്.
ലേലത്തിൽ അവതരിപ്പിച്ച ഫാൽക്കണുകൾക്കായി ഫാൽക്കൺ പ്രേമികൾ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. 'ഫർഖ് ഹുർ' വിഭാഗത്തിൽ പെട്ട ഫാൽക്കൺ ലേലമാണ് ആദ്യം തുടങ്ങിയത്. ഇത് 150,000 റിയാലിന് ഉറപ്പിച്ചു. രണ്ടാമത്തെ ഫാൽക്കൺ 'ഖിർനാസ് ഹുർ' വിഭാഗത്തിൽ പെട്ടതായിരുന്നു. ഇതിന്റെ ലേലം ആരംഭിച്ചപ്പോൾ 100,000 റിയാൽ ആയിരുന്നു. കടുത്ത മത്സരത്തിനൊടുവിൽ വില 4,00,000 റിയാലായി ഉയർന്നു. അങ്ങനെ രണ്ട് ഫാൽക്കണുകളുടെയും വിൽപനത്തുക 550,000 റിയാലിൽ എത്തി.
സൗദിയിലെയും മേഖലയിലെയും ഫാൽക്കൺ പ്രേമികൾക്കിടയിൽ മംഗോളിയൻ ഫാൽക്കണുകൾക്ക് ലഭിക്കുന്ന ശ്രദ്ധയും ഫാൽക്കൺ വേട്ടയാടൽ വിനോദത്തിൽ ഇവയെ പ്രമുഖമാക്കുന്ന പ്രത്യേകതകളും കണക്കിലെടുത്ത് സൗദി അന്താരാഷ്ട്ര ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷൻ തുടർച്ചയായ രണ്ടാം വർഷവും മംഗോളിയൻ ഫാൽക്കണുകൾക്കായി പ്രത്യേക സ്ഥലം നീക്കിവെച്ചിരിക്കുകയാണ്. ഈ സ്ഥലത്ത് മംഗോളിയയിൽ നിന്നുള്ള നിരവധി ഫാൽക്കണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വലിപ്പക്കൂടുതൽ, നീളമുള്ള ചിറകുകൾ, ഉയർന്ന ക്ഷമ എന്നിവയ്ക്ക് പേരുകേട്ട 'മംഗോളിയൻ ഹുർ ഫാൽക്കൺ' ആണ് ഇവയിൽ മുഖ്യം. ഇതോടൊപ്പം ഇളം നിറം മുതൽ കടും തവിട്ട് നിറം വരെയുള്ള വൈവിധ്യമാർന്ന നിറങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ഫാൽക്കൺ പ്രേമികളുടെയും ഹോബിക്കാരുടെയും ശ്രദ്ധ ആകർഷിക്കുന്ന സവിശേഷതകളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.