റിയാദിൽ 'മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ്' അവാർഡ് നൽകി ആദരിച്ച വിദ്യാർഥികൾ അതിഥികളോടൊപ്പം
നാളെയുടെ പ്രതിഭകളെ നെഞ്ചോട് ചേർത്ത് മീഡിയവൺ മബ്‌റൂഖ് പുരസ്‌കാര വേദി
റിയാദ്: വരും കാലത്തിന്റെ നായകരും പ്രതീക്ഷകളുമായ വിദ്യാർഥി യുവജനങ്ങൾ ഒഴുകിയെത്തിയ മീഡിയ വൺ മബ്‌റൂഖ് ടോപ്പേഴ്സ് നാലാമത് എഡിഷൻ റിയാദിലെ മലസ് ലുലു ഹൈപ്പർ മാർക്കറ്റ് റൂഫ് ടോപ് അറീനയിൽ പ്രൗഢ പുരസ്കാര വേദിയായി മാറി. റിയാദിലെ സെക്കണ്ടറി ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ നിന്ന് 90 ശതമാനത്തിലേറെ മാർക്ക് നേടിയ പത്ത്, പ്ലസ്‌ടു ക്ലാസിലെ വിദ്യാർഥികളെ ആദരിച്ചാണ് ഗൾഫിലെ നമ്പർ വൺ ചാനലായ മീഡിയ വൺ ഈ പരിപാടി സംഘടിപ്പിച്ചത്.
ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാർഥികളുടെ നേട്ടങ്ങൾക്ക് ദൃശ്യത നൽകുന്നതോടൊപ്പം അവരെ സാമൂഹികവൽക്കരിക്കുവാനും ലോകത്തിന്റെ മൂല്യസംരക്ഷണത്തിൽ ചേർത്ത് നിർത്തുവാനുമായി മീഡിയ വൺ നടത്തുന്ന പരിപാടി ജിദ്ദ, ദമ്മാം ഉൾപ്പെടെ ഗൾഫിലെ 11 നഗരങ്ങളിൽ സംഘടിപ്പിച്ചതായി മീഡിയ വൺ മിഡിലീസ്റ്റ് ജനറൽ മാനേജർ സവാബ് അലി പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ധരും വ്യവസായ സാമൂഹിക രംഗത്തെ പ്രമുഖരും വിദ്യാർഥി യുവജനങ്ങൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി ആദരിച്ചു. തങ്ങളുടെ നേട്ടങ്ങൾ അംഗീകരിക്കുന്നതോടൊപ്പം അത് ആഘോഷിക്കുവാൻ മുന്നോട്ട് വരുന്നത് ഏറെ പ്രചോദനം നൽകുന്നതും വലിയ അനുഭങ്ങൾ പ്രദാനം ചെയ്യുന്നതുമാണെന്ന് വിദ്യാർഥികൾ 'ഗൾഫ് മാധ്യമ' ത്തോട് പ്രതികരിച്ചു.
മാധ്യമ രംഗത്ത് പുതിയൊരു ചുവടുവെപ്പുമായി മീഡിയ വൺ അക്കാദമി ആരംഭിക്കുന്ന സ്പെഷ്യൽ ക്രാഷ് കോഴ്സിന്റെ ഔപചാരിക ഉദ്ഘാടനവും വേദിയിൽ നടന്നു. ഹൈസ്കൂൾ വിദ്യാർഥികൾ മുതൽ വീട്ടമ്മമാർക്ക് വരെ കണ്ടന്റ് ക്രിയേറ്ററായി മാറാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ജോലിയുള്ളവർക്ക് അധിക വരുമാനം കണ്ടെത്താനും ജോലിയില്ലാത്തവർക്ക് പുതിയ വരുമാന സാധ്യത തേടാനും കോഴ്സ് വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. സൗദിയിലെ അവധി ദിനം കണക്കാക്കിയായിരിക്കും ക്ലാസുകളും പരിശീലനവും നടക്കുക. ലുലു ഗ്രൂപ്പ്, അൽ രാജ്ഹി ബാങ്ക്, ബ്ലൂ ലൈൻസ് എന്നിവർ പരിപാടിയുടെ പ്രധാന പ്രായോജകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.