ജുബൈലിലെ സാബിക്കിന്റെ പുതിയ അമോണിയ പ്ലാന്റ്
സാബിക്കിന്റെ പുതിയ അമോണിയ പ്ലാന്റ്; സാങ്കേതികവിദ്യക്കായി കെ.ബി.ആറുമായി കരാർ
ജുബൈൽ: സൗദിയിലെ ജുബൈലിൽ പ്രമുഖ രാസവള നിർമാണ കമ്പനിയായ സാബിക് അഗ്രി-ന്യൂട്രിയന്റ്സ് (സാബിക് എ.എൻ) സ്ഥാപിക്കുന്ന പുതിയ കൂറ്റൻ അമോണിയ പ്ലാന്റിലേക്ക് സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിന് പ്രമുഖ ആഗോള എൻജിനീയറിങ് സ്ഥാപനമായ കെ.ബി.ആറുമായി ധാരണയായി.
കരാർ പ്രകാരം പ്ലാന്റിനാവശ്യമായ പേറ്റന്റ് സാങ്കേതികവിദ്യയായ 'പ്യുരിഫയർ', അടിസ്ഥാന എൻജിനീയറിങ് രൂപകൽപന, അനുബന്ധ സാങ്കേതിക ഉപകരണങ്ങൾ, കാറ്റലിസ്റ്റ് എന്നിവ യു.എസ് ആസ്ഥാനമായുള്ള കെ.ബി.ആർ നൽകും. പദ്ധതിയുടെ ഇ.പി.സി നിർമാണ കരാർ സ്വന്തമാക്കിയ പ്രമുഖ കമ്പനിയായ സാംസങ് ഇ ആൻഡ് എയുമായി സഹകരിച്ചാണ് കെ.ബി.ആർ പദ്ധതി പൂർത്തിയാക്കുക. പ്രതിദിനം 3,500 മെട്രിക് ടൺ (പ്രതിവർഷം 12 ലക്ഷം മെട്രിക് ടൺ) ഉൽപാദനശേഷിയുള്ള അത്യാധുനിക അമോണിയ പ്ലാന്റാണ് ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഒരുങ്ങുന്നത്.
പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ സാബിക് അഗ്രി-ന്യൂട്രിയന്റ്സിന്റെ വാർഷിക യൂറിയ ഉൽപാദനശേഷി നിലവിലുള്ള 48 ലക്ഷം മെട്രിക് ടണ്ണിൽനിന്ന് 74 ലക്ഷം ടണ്ണായി ഉയരും. പരമ്പരാഗത അമോണിയ നിർമാണ രീതികളെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ ഗണ്യമായി കുറക്കുന്ന അത്യാധുനിക ഊർജക്ഷമതാ സാങ്കേതികവിദ്യയാണ് കെ.ബി.ആറിന്റെ 'പ്യുരിഫയർ' സിസ്റ്റത്തിലൂടെ ഇവിടെ നടപ്പിലാക്കുന്നത്. സൗദി അറേബ്യയുടെ 'വിഷൻ 2030' വ്യവസായ വികസന ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതിനൊപ്പം ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യത്തിന്റെ നിർണായക പങ്ക് കൂടുതൽ വിപുലമാക്കാനും ഈ സംരംഭം സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.