ഫുട്ബാൾ പ്രേമികൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച്, ലോകകപ്പ് മാമാങ്കത്തിന് തിരിതെളിഞ്ഞിരിക്കുന്നു. അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിൽ 48 രാജ്യങ്ങൾ മാറ്റുരയ്ക്കുമ്പോൾ ഫുട്ബാൾ ചരിത്രം വഴിമാറുകയാണ്. മുൻപ് 32 രാജ്യങ്ങൾ പങ്കെടുത്തിരുന്ന സ്ഥാനത്താണ് ഇത്തവണ ടീമുകളുടെ എണ്ണം 48 ആയി ഉയർത്തിയത്.
ഫുട്ബാളിന് ആഗോളതലത്തിൽ കൂടുതൽ പ്രചാരം നൽകാനും കൂടുതൽ രാജ്യങ്ങൾക്ക് അവസരം ഒരുക്കാനുമാണ് ഈ വിപുലീകരണം. രാത്രി 9.30 മുതൽ ആരംഭിച്ച് പുലർച്ചെയും കടന്ന് സൂര്യോദയത്തിനു ശേഷവും നീളുന്ന പന്ത്രുരുളലിനും ഗോളാഘോഷങ്ങൾക്കും അട്ടിമറികളുടെ ആവേശത്തിനുമാണ് ഇനിയുള്ള ദിവസങ്ങൾ സാക്ഷ്യം വഹിക്കുക.
ഈ ലോകകപ്പ് ഫുട്ബാൾ ചരിത്രം മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ഖത്തർ ടീമിനു വേണ്ടി കണ്ണൂർ സ്വദേശി തഹ്സീൻ മുഹമ്മദ് എന്ന മലയാളി ആദ്യമായി ലോകകപ്പിൽ ബൂട്ടുകെട്ടുന്നു എന്ന അപൂർവ്വനേട്ടത്തിനും ഇത്തവണ വേദിയാകുന്നു.
എക്കാലത്തെയും മികച്ച ഫുട്ബാൾ ഇതിഹാസങ്ങളിലൊരാളായ മറഡോണയെ കണ്ടുകൊണ്ടാണ് എെൻറ ലോകകപ്പ് ഓർമകൾ ആരംഭിക്കുന്നത്. അന്ന് മുതൽ മനസ്സിൽ ഇടംപിടിച്ചതാണ് ആ നീല-വെള്ള ജേഴ്സിയും മറഡോണ എന്ന ഇതിഹാസവും. വർഷങ്ങൾ എത്ര കടന്നുപോയിട്ടും, ലോകകപ്പുകൾ പല ടീമുകൾ നേടുകയും താരങ്ങൾ മാറിമറിയുകയും ചെയ്തിട്ടും ഒട്ടും മാറാതെ നിൽക്കുന്നത് ആ ജേഴ്സിയോടുള്ള പ്രണയവും ആ ടീമിനോടുള്ള ഇഷ്ടവുമാണ്.
അർജൻറീനൻ കരുത്ത്
വളരെ ശക്തമായ ടീമുമായാണ് അർജൻറീന ഇത്തവണയും എത്തുന്നത്. ലയണൽ മെസ്സി എന്ന ഇതിഹാസതാരം പരുക്കിെൻറ പിടിയിലാണെങ്കിലും, അദ്ദേഹം ഈ ലോകകപ്പിൽ കളിക്കുമെന്നു തന്നെയാണ് ലോകത്തുള്ള മുഴുവൻ ഫുട്ബാൾ ആരാധകരുടെയും പ്രതീക്ഷയും പ്രാർത്ഥനയും. മെസ്സിയുടെ അഭാവത്തിൽ പോലും അതിശക്തമായൊരു താരനിരയാണ് അർജൻറീനയുടേത്.
ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലെക്സിസ് മാക് അലിസ്റ്റർ, ക്രിസ്ത്യൻ റൊമേറോ തുടങ്ങിയ ശക്തമായ യുവതാരങ്ങൾ മെസ്സിയുടെ നേതൃത്വത്തിൽ കപ്പ് അടിക്കാൻ തന്നെയാണ് ഇറങ്ങുന്നത്. പരിചയസമ്പന്നരായ താരങ്ങളും യുവപ്രതിഭകളും ഒത്തുചേരുന്നതാണ് അർജൻറീനയുടെ കരുത്ത്. മികച്ച പരിശീലകൻ ലയണൽ സ്കലോനി ടീമിനെ ഒറ്റക്കെട്ടായി നയിക്കുന്നു.
ലോക ഒന്നാം നമ്പർ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഗോൾവല കാക്കുന്നത് ടീമിന് നൽകുന്ന ആത്മവിശ്വാസം വലുതാണ്. പരിചയസമ്പന്നനായ നിക്കോളാസ് ഒട്ടമെൻഡി, ജെറോനിമോ റുല്ലി, ക്രിസ്ത്യൻ റൊമേറോ എന്നിവരടങ്ങുന്ന ലോകോത്തര പ്രതിരോധനിരയും, ലോകോത്തര ബോൾ-പ്ലേയിങ് ഡിഫൻഡറായ ലിസാൻഡ്രോ മാർട്ടിനെസും ടീമിന് അടിത്തറയേകുന്നു.
നഹുൽ മൊളിന, നിക്കോളാസ് ടാഗ്ലിയഫിക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള ശക്തമായ മധ്യനിരയും മെസ്സിയുടെ പ്രധാന പിന്തുണക്കാരനായ റോഡ്രിഗോ ഡി പോളും കളി മെനയുമ്പോൾ അർജൻറീന കൂടുതൽ അപകടകാരികളാകുന്നു. ലയണൽ മെസ്സിയും ജിയോവനി ലോ സെൽസോയും അടങ്ങുന്ന ആക്രമണനിരയ്ക്കൊപ്പം, ലോകത്തിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ലൗട്ടാരോ മാർട്ടിനെസും പുതിയ തലമുറയുടെ ഗോൾവേട്ടക്കാരൻ ജൂലിയൻ ആൽവാരസും കൂടി അണിചേരുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. അർജൻറീനയ്ക്ക് ഫുട്ബാൾ എന്നത് കേവലം ഒരു കളി മാത്രമല്ല, ഒരു സംസ്കാരവും വികാരവുമാണ്.
പാരമ്പര്യത്തിെൻറ കരുത്തിൽ
1978, 1986, 2022 തുടങ്ങിയ വർഷങ്ങളിൽ ലോക ചാമ്പ്യന്മാരായ ചരിത്രമാണ് അർജൻറീനയ്ക്കുള്ളത്. ഡീഗോ മറഡോണ, ലയണൽ മെസ്സി എന്നിവരെക്കൂടാതെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ജുവാൻ റോമൻ റിക്വൽമെ, ജാവിയർ സനറ്റി, എയ്ഞ്ചൽ ഡി മരിയ, സെർജിയോ അഗ്യൂറോ തുടങ്ങിയ ലോകോത്തര ഇതിഹാസങ്ങളെ ലോക ഫുട്ബാളിന് സംഭാവന ചെയ്തവരാണ് അവർ. ഇക്കൊല്ലവും അർജൻറീനയും മെസ്സിയും തങ്ങളെ നിരാശപ്പെടുത്തില്ല എന്ന ഉറച്ച വിശ്വാസത്തോടെ ലോകകപ്പിനെ വരവേൽക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.