സൽമ വിജയൻ
റിയാദ്
റഫീഖ് പന്നിയങ്കരയുടെ ‘പ്രിയപ്പെട്ടൊരാൾ’ എന്ന നോവൽ ഈയിടെ വായിച്ച പുസ്തകങ്ങളിൽ ഒന്നാണ്. പേരുപോലെത്തന്നെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളെക്കുറിച്ചുള്ള ഹൃദയസ്പർശിയായ എഴുത്ത്. ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെയും കാപട്യമില്ലാത്ത സ്നേഹത്തിന്റെയും ആർദ്രതയുള്ള കഥ പറച്ചിലാണ് നോവലിന്റെ കാതൽ. ജെന്നിഫർ കോട്ടേജിലേക്കുള്ള വാതിൽ തുറന്നാണ് വായനക്കാർ നോവലിലേക്ക് കടക്കുന്നത്.
പ്രിയതമയുടെ പേര് തന്റെ മാളികക്ക് നൽകി, അത് സ്നേഹത്തിന്റെയും കടപ്പാടിന്റെയുമാണെന്ന് പറഞ്ഞുവെച്ച് അന്തോണി എന്ന കഥാപാത്രത്തെ, തികഞ്ഞ ഗൃഹസ്ഥനെ വരച്ചുകാട്ടുന്നു. തന്റെ ഭാര്യയുടെ വിയോഗത്തിലെ വേദനയിലും മക്കളായ കുഞ്ഞുത്രേസ്യയെയും ലൂക്കോസിനെയും ചേർത്തുപിടിക്കാൻ മറക്കാതിരുന്ന അന്തോണിയുടെ സ്നേഹത്തിന്റെ കഥയാണിത്. മകൻ ലൂക്കോസിന്റെയും.
വായനയുടെ ആദ്യഭാഗത്തിൽ തന്നെ സേവ്യർ മാപ്ലയുടെ കടന്നുവരവുണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള വർണനകളും ആ ദേശത്ത് അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനവും ബഹുമാനവുമൊക്കെ പ്രകടമായി വരച്ചിടുന്നു. ഇത് സേവ്യർ മാപ്ലയുടെ കഥയാണെന്ന് വായനക്കാർ അറിയാതെ ചിന്തിച്ചുപോകും. പിന്നീടങ്ങോട്ട്, സേവ്യർ മാപ്ല മാത്രമല്ല നോവലിലേക്ക് കടന്നുവരുന്ന ഓരോ ചെറിയ വലിയ കഥാപാത്രവും അവരെക്കുറിച്ചുള്ള വിവരണങ്ങളും നമുക്ക് പരിചയമുള്ള, എന്നോ എവിടെയോ വെച്ച് കണ്ടുമുട്ടിയവരെപ്പോലെ തോന്നിപ്പോകും വിധത്തിലാണ്. അത്രക്ക് വായനക്കാരെ പിടിച്ചിരുത്താൻ നോവലിനാവുന്നുണ്ട്.
നോവലിന്റെ മൂന്നാം അധ്യായത്തിൽ നോവലിസ്റ്റ് നാലാം ചുവരും തകർത്ത് വായനക്കാരിലേക്ക് ഇറങ്ങുകയാണ്. കഥാപാത്രങ്ങളെ പരിചയപ്പെടലിനിടയിൽ കഥയിലേക്ക് തിരിച്ചിറങ്ങാൻ അത്തരമൊരു സന്ദർഭം ആവശ്യമായിരുന്നു. പിന്നീടങ്ങോട്ട്, കൃത്യമായി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലേക്ക് നോവൽ നിവരുന്നു. ലൂക്കോസ് സ്വന്തം അപ്പനെ രോഗശയ്യയിൽ പരിചരിക്കുമ്പോൾ നേരിടുന്ന മനഃപ്രയാസവും കൂട്ടിരിക്കുമ്പോൾ അനുഭവിക്കുന്ന മനുഷ്യസഹജമായ വ്യഥയും തൊട്ടടുത്ത് മാറിമാറി വരുന്ന രോഗികളും കൂട്ടിരിപ്പുകാരും അവരുടെ ജീവിതവും ആകുലതകളും ലൂക്കോസിന്റെ ചിന്തകളും ഒക്കെ നിറഞ്ഞ് ഒരു സാധാരണക്കാരൻ എന്നെങ്കിലുമൊക്കെ അനുഭവിച്ച, ഒരു പക്ഷെ അനുഭവിക്കാനിരിക്കുന്ന അവസ്ഥയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു.
അധ്യായം പത്തും പതിനൊന്നുമൊക്കെ (നോവലിന്റെ അവസാനഭാഗം) ആകുമ്പോഴേക്കും സത്യത്തിൽ ഒരു വീർപ്പുമുട്ടലിലേക്കാണ് വായന ചെന്നെത്തുന്നത്. ഓരോ വാക്കിലും വരിയിലും കഥാപാത്രങ്ങളുടെ ഹൃദയഭാരം പകർത്താൻ നോലിസ്റ്റിനായി എന്നുതന്നെ പറയാം. വായനക്കാരന്റെ മനസ്സിൽ നേർത്ത ഒരു നിശ്വാസം നൽകിയാണ് നോവലിന്റെ പര്യവസാനവും.
സത്യത്തിൽ നോവലിൽ ഏറ്റവും കൂടുതൽ ചിന്തിപ്പിച്ച ഭാഗം ഇതാണെന്ന് പറയുന്നതാവും ശരി. ‘ഭിന്നചിന്തകളില്ലാതെ, ഭിന്നിപ്പിക്കാൻ തക്കം പാർത്ത് നടക്കുന്ന കഴുകക്കണ്ണുകൾ ഇല്ലാതെ ഒരു ദേശം. രോഗവും വേദനയുമാണിവിടുത്തെ മതം. ഇപ്പോഴവരുടെ കൺകണ്ട ദൈവങ്ങൾ സ്റ്റെതസ്കോപ്പ് കഴുത്തിലണിഞ്ഞ വെള്ളക്കുപ്പായക്കാരാണ്...
ഒരാശുപത്രിയുടെ പശ്ചാത്തലവും അവിടെയെത്തിപ്പെടുന്ന മനുഷ്യർ അനുഭവിക്കുന്ന നൊമ്പരവും അതിനപ്പുറത്തേക്ക്, ജീവിതത്തിൽ ഒരിക്കലെങ്കിലും രോഗിയോടൊപ്പം കൂട്ടിരുന്നവർ അനുഭവിച്ച പൊള്ളുന്ന തീക്കനലിന്റെ ചൂടോർമിച്ചെടുക്കാൻ സാധിക്കുന്ന വരികളാണവ. ശരിയല്ലേ? വിശ്വാസികളും ദൈവവും പരസ്പര പൂരകങ്ങളായി വർത്തിക്കുന്നിടത്ത് ദൈവം കരുണ ചൊരിയുന്നതെങ്കിൽ ആരാധനാലയങ്ങളെക്കാൾ മേൽക്കോയ്മ ആശുപത്രികൾക്കായിരിക്കും. ദൈവം ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ കാണിക്കുന്നതും അവിടങ്ങളിലായിരിക്കണം.
‘പ്രിയപ്പെട്ടൊരാൾ’ തീർച്ചയായും വായനക്കാരെ ചെറുതായെങ്കിലും ഉള്ളൊന്ന് സ്പർശിക്കും. വായന തുടങ്ങുന്നവർക്കും വായന മുടങ്ങിയവർക്കും തിരിച്ചൊന്ന് വായനയിലേക്ക് ഇറങ്ങാൻവേണ്ടി തെരഞ്ഞെടുക്കാവുന്ന ഭേദപ്പെട്ട നോവലിലൊന്നാണ് ഇതെന്ന് ഉറപ്പിച്ചുപറയാം. മൂന്നാം പതിപ്പിലെത്തി നിൽക്കുന്ന നോവലിന്റെ പ്രസാധകർ കോഴിക്കോട് ഹരിതം ബുക്സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.