മദീനയിലെത്തിയ മലയാളി ഹാജിമാർക്ക് സന്നദ്ധപ്രവർത്തകരും ഇന്ത്യൻ ഹജ്ജ് മിഷനും വരവേൽപ് നൽകിയപ്പോൾ
മക്ക: ഹജ്ജിന് ശേഷം മദീന സന്ദർശനത്തിനായി (സിയാറത്ത്) പുറപ്പെട്ട മലയാളി തീർഥാടകരിലെ ആദ്യ സംഘത്തിന് പ്രവാചക നഗരിയിൽ ഊഷ്മള വരവേൽപ്. തിങ്കളാഴ്ച രാത്രിയോടെയാണ് തീർഥാടകർ മദീനയിൽ എത്തിയത്. വിതൗട്ട് മഹ്റം (ആൺ തുണയില്ലാത്ത) വിഭാഗത്തിലുള്ള തീർഥാടകരടക്കം 900 തീർഥാടകരാണ് ആദ്യദിനം എത്തിയത്. മലയാളി സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് ഊഷ്മള സ്വീകരണം ഒരുക്കിയത്.
ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ ബസുകളിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് തീർഥാടകർ മക്കയിൽനിന്ന് പുറപ്പെട്ടത്. രാത്രി 10ഓടെ മദീനയിൽ എത്തി. യാത്രയാക്കാൻ മക്കയിൽ വിവിധ സന്നദ്ധപ്രവർത്തകർ എത്തിയിരുന്നു. മദീനയിൽ ഹാജിമാർക്ക് വിപുലമായ സൗകര്യങ്ങളാണ് ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയിട്ടുള്ളത്. പ്രവാചക പള്ളിക്കടുത്ത മർക്കസിയ ഭാഗത്താണ് ഇവരുടെ താമസം. അതുകൊണ്ട് തന്നെ പ്രാർഥനക്കായി എളുപ്പത്തിൽ പള്ളിയിലെത്താനകും.
വിപുലമായ താമസസൗകര്യമാണുള്ളത്. ഒപ്പം രണ്ട് ബ്രാഞ്ചുകളിലായി രണ്ട് ഡിസ്പെൻസറികളും 20 കിടക്കകളുള്ള ആശുപത്രിയും സജ്ജീകരച്ചിട്ടുണ്ട്.
മദീന സന്ദർശനം എട്ട് ദിവസം കൊണ്ടാണ് പൂർത്തിയാക്കുക. തീർഥാടകർ പ്രവാചക പള്ളിയിൽ പ്രാർഥനയിൽ പങ്കെടുക്കും. പ്രവാചകന്റെ ഖബറിടവും റൗദയും സന്ദർശിക്കും. കൂടാതെ മദീനയിലെ വിവിധ ഭാഗങ്ങളിലുള്ള ചരിത്രപ്രധാന സ്ഥലങ്ങളും പള്ളികളും സന്ദർശിക്കും. ഇവിടങ്ങളിലേക്ക് സ്വന്തമായോ ഗ്രൂപ്പുകളായോ ആണ് തീർഥാടകർ പോവുക. മദീന സന്ദർശനവും പൂറത്തിയായിക്കഴിഞ്ഞാൽ തീർഥാടകരുടെ സ്വദേശത്തേക്കുള്ള മടക്കയാത്രക്ക് തുടക്കമാവും. ഈ മാസം 25 മുതലാണ് യാത്ര ആരംഭിക്കുക. വരുംദിവസങ്ങളിൽ കൂടുതൽ ഹാജിമാർ മദീനയിലേക്കെത്തും.
നിലവിൽ മദീനയിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. ആവശ്യമായ പ്രതിരോധന മാർഗങ്ങളും പാലിക്കേണ്ട കർശന നിർദേശങ്ങളും ഹജ്ജ് മിഷനും ആരോഗ്യമന്ത്രാലയവും ഹാജിമാർക്ക് നൽകുന്നുണ്ട്. കേരളത്തിലുള്ളവരെ കൂടാതെ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹാജിമാരുടെ മദീന സന്ദർശനം ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ആരംഭിച്ചത്. ഇതുവരെ മലയാളികളടക്കം 3,500ലധികം തീർഥാടകർ മദീനയിൽ എത്തിയിട്ടുണ്ട്.
അതേസമയം മദീന വഴി എത്തിയ ഹാജിമാർ ഹജ്ജിന് മുമ്പ് തന്നെ സിയാറത്ത് പൂർത്തിയാക്കിയതിനാൽ ഹജ്ജ് കർമങ്ങൾ കഴിഞ്ഞതോടെ ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയിരുന്നു. പല സംഘങ്ങളായി ഇപ്പോഴും മടക്കയാത്ര തുടരുകയാണ്.
12,300 പേരാണ് ഇതുവരെ നാട്ടിലേക്ക് മടങ്ങിയത്. 40 ഹാജിമാർ വിവിധ കാരണങ്ങളാൽ മക്കയിലും മദീനയിലുമായി മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.