ലോകത്തിലെ ഏറ്റവും വലിയ ഫോർ വീൽ ഡ്രൈവ് പരേഡ് സംഘടിപ്പിച്ചതിനുള്ള ഗിന്നസ് ബുക്ക്​ ഓഫ്​ റെക്കോർഡ്​ സർട്ടിഫിക്കറ്റ്​ ഹാഇൽ ഗവർണർ അമീർ അബ്​ദുൽ അസീസ് ബിൻ സഅദ് ഏറ്റുവാങ്ങുന്നു

ലോക റെക്കോർഡ് തിരുത്തി ഹാഇൽ; ലോകത്തെ ഏറ്റവും വലിയ ഫോർ വീൽ ഡ്രൈവ് പരേഡ്

ഹാഇൽ: സൗദി അറേബ്യയിലെ മരുഭൂമിയിൽ വിസ്മയം തീർത്ത് ഹാഇൽ പ്രവിശ്യ ഗിന്നസ് ബുക്കിൽ ഇടം നേടി. ലോകത്തിലെ ഏറ്റവും വലിയ ഫോർ വീൽ ഡ്രൈവ് വാഹന പരേഡ് സംഘടിപ്പിച്ചാണ് ഹാഇൽ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. പ്രവിശ്യാ ഗവർണർ അമീർ അബ്​ദുൽ അസീസ് ബിൻ സഅദ് ബിൻ അബ്​ദുൽ അസീസി​ന്‍റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങ്.

പരേഡിൽ 501 ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ പ​ങ്കെടുത്തു. വടക്കുപടിഞ്ഞാറൻ ഹാഇലിലെ ചരിത്രപ്രസിദ്ധമായ തുവാരൻ മരുഭൂമിയിലൂടെ ഏഴ്​ കിലോമീറ്റർ ദൂരത്തിലാണ്​ പരേഡ്​ നടന്നത്​. ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ നിർദേശിച്ച എല്ലാ നിബന്ധനകളും കൃത്യമായി പാലിച്ചുകൊണ്ടുള്ളതായിരുന്നു പരേഡ്.

സൗദി ടൂറിസം അതോറിറ്റി, ഹാഇൽ ഡെവലപ്‌മെൻറ്​ അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 14 സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്. കൃത്യമായ ജി.പി.എസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചാണ് വാഹനങ്ങളുടെ നീക്കം നിരീക്ഷിച്ചത്. നിശ്ചയിച്ച റൂട്ടിൽ ഒരിടത്തും തടസ്സമില്ലാതെയും നിർത്താതെയുമാണ് പരേഡ് പൂർത്തിയാക്കിയത്.

 

ഫോർ വീൽ ഡ്രൈവ് പരേഡ് ദൃശ്യം

‘മേഖലയിലെ യുവാക്കളുടെ വിജയമാണിത്. രാജ്യത്തി​െൻറ വികസനത്തിന് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകുന്ന പിന്തുണയുടെ ഫലമായാണ് ഇത്തരം നേട്ടങ്ങൾ കൈവരിക്കാനാകുന്നത് -ഹാഇൽ ഗവർണർ അമീർ അബ്​ദുൽ അസീസ് ബിൻ സഅദ് പറഞ്ഞു.

ടൂറിസം ഭൂപടത്തിൽ ഹാഇൽ

ഹാഇൽ മേഖലയെ ഒരു ആഗോള ശൈത്യകാല ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് ഹാഇൽ വികസന അതോറിറ്റി സി.ഇ.ഒ ഉമർ ബിൻ അബ്​ദുല്ല വ്യക്തമാക്കി. ചരിത്രപുരുഷനായ ഹാതിം അൽതാഇയുടെ കഥകളുറങ്ങുന്ന വാദി അജ, തുവാരൻ ഗ്രാമം എന്നിവിടങ്ങളിലൂടെയുള്ള ഈ യാത്ര ഹാഇലി​െൻറ പ്രകൃതിഭംഗിയും സാഹസിക ടൂറിസം സാധ്യതകളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതായിരുന്നു.

സൗദി അറേബ്യയുടെ ആഭ്യന്തര ടൂറിസത്തെയും സമ്പദ്‌വ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നതിനും, ലോകോത്തര പരിപാടികൾ സംഘടിപ്പിക്കാനുള്ള രാജ്യത്തി​െൻറ മികവ് തെളിയിക്കുന്നതിനും ഈ ഗിന്നസ് റെക്കോർഡ് നേട്ടം വഴിത്തിരിവാകും.

Tags:    
News Summary - Hail Enters Guinness World Records with World’s Largest 4×4 Parade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.