വഖഫ് ഭേദഗതി ബിൽ ബോധവൽക്കരണ സംഗമത്തിൽ ജുബൈൽ കമ്യൂണിറ്റി ഫോറം ചെയർമാൻ മുഹമ്മദ് റാഫി ഹുദവി സംസാരിക്കുന്നു
ജുബൈൽ: കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധവും മതന്യൂനപക്ഷങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ജുബൈൽ കമ്യൂണിറ്റി ഫോറം (ജെ.സി.എഫ്) അഭിപ്രായപ്പെട്ടു. പരലോക മോക്ഷവും പൊതുജന ക്ഷേമവും ലക്ഷ്യമാക്കി നൂറ്റാണ്ടുകളായി മുസ്ലിം സമൂഹത്തിൽ നടക്കുന്ന ഒരു പുണ്യ കർമമാണ് വഖഫ്. കോടിക്കണക്കിന് രൂപയുടെ ക്ഷേമ പ്രവർത്തനങ്ങളാണ് ഇതിലൂടെ നടക്കുന്നത്.
നിയമ ഭേദഗതിയിലൂടെ ഇത്തരം പ്രവർത്തനങ്ങളുടെ കടക്കൽ കത്തിവെക്കാനുള്ള സർക്കാർ തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്ന് ജുബൈൽ ക്ലാസിക് ഓഡിറ്റോറിയത്തിൽ ജുബൈൽ കമ്യൂണിറ്റി ഫോറം സംഘടിപ്പിച്ച വഖഫ് ഭേദഗതി ബിൽ ബോധവത്കരണ സംഗമം ആവശ്യപ്പെട്ടു.
ശിഹാബ് കൊടുവള്ളി (കെ.എം.സി.സി-ഈസ്റ്റേൺ പ്രൊവിൻസ്) സംഗമം ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദലി വിഷയാവതരണം നടത്തി. വ്യാജങ്ങളുടെ മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണ് ഫാഷിസം. സത്യത്തിന്റെയും ധർമത്തിന്റെയും നീതിയുടെയും വക്താക്കളും പ്രയോക്താക്കളുമാണ് സത്യവിശ്വാസികൾ. ആഴത്തിൽ പഠിച്ചും പ്രായോഗിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുമാണ് നാം ഇത്തരം ശക്തികളെ നേരിടേണ്ടത്. ഹ്രസ്വ-ദീർഘ കാല പദ്ധതികളിലൂടെ ശാസ്ത്രീയമായി വിദ്യാഭ്യാസം മുതൽ വിവിധ തല പ്രവർത്തനങ്ങളിലൂടെ വംശീയ ഉന്മൂലനത്തിന് അടിത്തറ പാകുന്ന പ്രവർത്തനങ്ങളാണ് ഫാഷിസം നടപ്പാക്കി കൊണ്ടിരിക്കുന്നത്.
സി.എ.എ, എൻ.ആർ.സി, മുത്തലാഖ് ബിൽ തുടങ്ങിയവയെല്ലാം ഈ അജണ്ടയുടെ ഭാഗമാണ്. വഖഫ് സ്വത്തുക്കൾ പെരുപ്പിച്ച് കാണിക്കപ്പെടുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്യുന്നു. ഇതിനെതിരെ പ്രവാചകന്മാർ ഉയർത്തിപ്പിടിച്ച നൈതികമായ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നാം തോളോട് തോൾ ചേർന്ന് ദാർശനികമായും പ്രത്യയശാസ്ത്രപരമായും അസത്യത്തിനെതിരെ പ്രതിരോധിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയും ദൗത്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
ജുബൈൽ കമ്യൂണിറ്റി ഫോറം ചെയർമാൻ മുഹമ്മദ് റാഫി ഹുദവി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുലൈമാൻ ഖാസിമി (എസ്.ഐ.സി), അയ്യൂബ് സുല്ലമി (ഇസ്ലാഹി സെൻറർ), ഉമർ സഖാഫി മൂർക്കനാട് (ഐ.സി.എഫ്), ഹബീബ് റഹ്മാൻ (വിസ്ഡം), ഡോ. ജൗഷീദ് (തനിമ), ശിഹാബുദ്ദീൻ കായംകുളം (തബ്ലീഗ്), ഫിറോസ് തിരൂർ (കെ.എം.സി.സി) എന്നിവർ സംസാരിച്ചു. ബഷീർ വെട്ടുപാറ (കെ.എം.സി.സി) സ്വാഗതവും അസീസ് ഉണ്യാൽ (കെ.എം.സി.സി) നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.