വി.കെ. അബ്ദുഅസീസ് എടവനക്കാട് ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക, മതരംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന വി.കെ. അബ്ദുൽ അസീസ് എടവനക്കാട് (70) ജിദ്ദയിൽ നിര്യാതനായി. ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിൽ മൂന്ന് ആഴ്ചകളോളമായി ജിദ്ദ കിങ് അബ്ദുൽഅസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ശനിയാഴ്ച വൈകീട്ടോടെയായിരുന്നു മരണം. 

നാട്ടിൽ ഫെഡറല്‍ ബാങ്ക്, സൗദിയിൽ അൽ രാജ്‌ഹി ബാങ്ക് എന്നിവയിൽ ജോലി ചെയ്തിരുന്നു. ജിദ്ദയിൽ അല്‍ ഹയാത്ത് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഡയറക്ടറും സീഗള്‍സ് റസ്റ്റോറന്റ് ഗ്രൂപ്പ് സ്ഥാപകനുമായിരുന്നു. അതോടൊപ്പം വിവിധ കൂട്ടായ്മകൾക്കും ജീവകാരുണ്യസംരംഭങ്ങള്‍ക്കും നേതൃത്വം നൽകിയിരുന്നു.

വിവിധ സംഘടനകളിലെ മുസ്ലിം നേതാക്കളുമായും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, സ്വാമി അഗ്നിവേശ്, യേശുദാസ്, എം.ഡി നാലപ്പാട്, ജസ്റ്റിസ് ഷംസുദ്ദീന്‍, രാഹുൽ ഈശ്വർ, ടി.ബാലകൃഷ്ണൻ തുടങ്ങിയവരുമായൊക്കെ ഇദ്ദേഹം അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. 

ഹുസ്സൈൻ മടവൂർ, കെ.ജെ യേശുദാസ് എന്നിവരോടൊപ്പം വി.കെ. അബ്ദുഅസീസ് എടവനക്കാട്. 

മക്കയിലെ മുസ്ലിം വേൾഡ് ലീഗുമായി സഹകരിച്ച് കേരളത്തിൽ ഇന്റർഫെയ്ത്ത് സെമിനാർ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. പലിശരഹിത ഇസ്ലാമിക ബാങ്കിങ്ങിനും ഫൈനാൻസിനും ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ മുന്നോട്ടു കൊണ്ടുവരാൻ കഴിയുമെന്ന് മനസ്സിലാക്കിയ അദ്ദേഹം അതിന്റെ പ്രചാരണത്തിന്നായി ധാരാളം സമയവും സമ്പത്തും ചെലവഴിച്ചിരുന്നു. തനിമ സാംസ്‌കാരിക വേദിയുടെ സജീവ പ്രവർത്തകനുമായിരുന്നു. നജാത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് സ്ഥാപക ജനറല്‍ സെക്രട്ടറി, ജിദ്ദയിലെ എടവനക്കാടുകാരുടെ കൂട്ടായ്മയായ സേവ തുടങ്ങിയ സംഘടനകളുടെയും സാരഥ്യം വഹിച്ചിരുന്നു.

പിതാവ്: പരേതനായ എടവനക്കാട് വലിയവീട്ടില്‍ കോയ കുഞ്ഞി, മാതാവ്: പരേതയായ ബീഫാത്തിമ, ഭാര്യ: നജ്മ. മക്കള്‍: ഷമീന, ഷബ്‌ന (ദമ്മാം), ഷഫ്‌ന (മക്ക), അഫ്താബ് അറഫാത്ത് (കാനഡ), അഫ്റോസ് ഹഖ് (ഖത്തര്‍). മരുമക്കൾ: അബ്ദുല്‍ ജലീല്‍ (ജിദ്ദ), ഫൈസല്‍ (ദമ്മാം), അബ്ദുല്‍ സലാം (മക്ക), അൽമാസ് കലാം (കാനഡ). 

ഖബറടക്കം ഞായറാഴ്ച ജിദ്ദ റുവൈസ് മഖ്ബറയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - V.K. Abdulaziz Edavanakkad died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.