ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ നേരിട്ടെത്തി വിലയിരുത്തിയപ്പോൾ
ജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ നേരിട്ടെത്തി വിലയിരുത്തി. വിമാനത്താവളത്തിലെ വിവിധ ടെർമിനലുകൾ സന്ദർശിച്ച അദ്ദേഹം, യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന ഇലക്ട്രോണിക് ഗേറ്റുകൾ ഉൾപ്പെടെയുള്ള ആധുനിക സേവനങ്ങളുടെ പുരോഗതി അവലോകനം ചെയ്തു.
യാത്രാ നടപടികൾ വേഗത്തിലാക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമായി നടപ്പാക്കിയിട്ടുള്ള പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ മന്ത്രിക്കു വിശദീകരിച്ചുനൽകി. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും പാസ്പോർട്ട് കൺട്രോൾ വിഭാഗവും സന്ദർശിച്ച അദ്ദേഹം, എത്തുന്നതും പോകുന്നതുമായ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി.
വിമാനത്താവളത്തിലെ ആരോഗ്യ നിരീക്ഷണ കേന്ദ്രം സന്ദർശിച്ച മന്ത്രി, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കേന്ദ്രത്തിന്റെ സന്നദ്ധതയും ലഭ്യമായ ആരോഗ്യ സേവനങ്ങളും പരിശോധിച്ചു. തുടർന്ന് കസ്റ്റംസ് ഏരിയയിലെത്തിയ അദ്ദേഹം, നിരോധിത വസ്തുക്കൾ വേഗത്തിൽ കണ്ടെത്തുന്നതിനും അതേസമയം യാത്രക്കാരുടെ തിരക്ക് കുറച്ച് നടപടികൾ സുഗമമാക്കുന്നതിനും ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ വിലയിരുത്തി. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.