കെപ്റ്റ ഭാരവാഹികൾ ദമ്മാമിൽ നടന്ന വാർത്തസമ്മേളനത്തിൽ

നാടുണർത്താൻ നാടൻ പാട്ടുസംഘമായി 'നാട്ടരങ്ങ്'; ദമ്മാമിൽ നാളെ 'വിസ്മയരാവ്'

ദമ്മാം: നാലുവർഷമായി പ്രവർത്തിക്കുന്ന കേരള പീപ്ൾ തിയറ്റർ അസോസിയേഷൻ (കെപ്റ്റ) യുടെ നേതൃത്വത്തിൽ നാടൻപാട്ട് കലാകാരന്മാരെ കോർത്തിണക്കി 'നാട്ടരങ്ങ്' രൂപവത്കരിച്ചു. സാധാരണ മനുഷ്യന്‍റെ ജീവിതവും ചിന്തകളും പതിഞ്ഞ നാടൻപാട്ടുകൾ കാലത്തിന് മുന്നിൽ വെളിച്ചമായി കൊളുത്തുക എന്നതാണ് നാട്ടരങ്ങ് രൂപവത്കരണത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് കെപ്റ്റ ഭാരവാഹികൾ ദമ്മാമിൽ നടന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു.

നാട്ടരങ്ങ് സംഘടിപ്പിക്കുന്ന ആദ്യകാല പ്രകടനം വിസ്മയരാവ് എന്നപേരിൽ വെള്ളിയാഴ്ച ദമ്മാമിൽ അരങ്ങേറും. ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ചെണ്ടവാദ്യവും ദൃശ്യാവിഷ്കാരങ്ങളും ഉൾപ്പെടെ നാടൻ പാട്ടുകൾ അവതരിപ്പിക്കും. നാടൻ പാട്ടുകളുടെ തനിമ ചോരാതെ കാലത്തിനും കാണികൾക്കും ആസ്വാദന വിസ്മയം പകർന്ന് അവതരിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അവർ പറഞ്ഞു.

മനസ്സുകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കിടയിൽ ആദി ജീവിതത്തിന്‍റെ നന്മകൾ ഉറക്കെപ്പാടി മനസ്സുകളെ ചേർത്തുനിർത്താൻ പ്രേരിപ്പിക്കുകയാണ് നാടൻ പാട്ടുകൾ ചെയ്യുന്നത്. നാടൻ താളബോധങ്ങൾ സംഘർഷങ്ങളെ അലിയിച്ച് മനുഷ്യനെ ഉന്മാദിയാക്കുന്നു. അത് കാപട്യങ്ങളില്ലാത്ത ഉന്മാദമാണ്. അതുകൊണ്ടു തന്നെ നാട്ടരങ്ങ് പാട്ടിലൂടെ ലക്ഷ്യംവെക്കുന്നത് നമുക്ക് ചുറ്റും നന്മയുടെ പ്രകാശം പരത്തുക എന്നതാണ്. പ്രവാസത്തിലേക്ക് വന്ന നാടൻ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും കലാകാരന്മാരെ സംരക്ഷിക്കാനും നാട്ടരങ്ങ് മുന്നിൽ നിൽക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

നിലവിൽ രണ്ടര മണിക്കൂർ നീളുന്ന പ്രത്യേക കലാപ്രകടനങ്ങൾ തന്നെ നാട്ടരങ്ങ് തയാറാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ സൗദിയിലുടനീളം നടക്കുന്ന കലാമാമാങ്കങ്ങളിൽ വിസ്മയമായി നാട്ടരങ്ങ് മാറുമെന്നും സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ദമ്മാം മീഡിയ ഫോറം ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ കെപ്റ്റ ഭാരവാഹികളും കലാകാരന്മാരുമായ നവാസ് ചൂനാടൻ, സുപ്പിഷാഫി, പ്രദീപ് മേനോൻ, സലീഷ്, അൻഷാദ് തകിടിയിൽ, ബിനു മുളവന എന്നിവർ പങ്കെടുത്തു.

Tags:    
News Summary - 'Vismayaravu' of 'Nattarang' folk song group in Dammam tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.