ഇലാൻ ഖാൻ, വെബ്‌സാൻ ഖാൻ  

വിരലുകൾ കൊണ്ട് സംഗീതവിസ്മയം തീർക്കുന്ന വെബ്‌സാനും ഇലാനും പ്രവാസം അവസാനിപ്പിക്കുന്നു

ജിദ്ദ: ജിദ്ദയിലെ സംഗീത വേദികളിലും മറ്റും വിരലുകൾകൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന സഹോദരങ്ങളായ വെബ്‌സാൻ ഖാനും ഇലാൻ ഖാനും പ്രവാസം അവസാനിപ്പിച്ച്‌ മടങ്ങുന്നു. പിയാനോ കീ ബോർഡിൽ പ്ലസ് വൺ വിദ്യാർത്ഥിയായ വെബ്‌സാൻ നാദവിസ്മയങ്ങൾ തീർക്കുമ്പോൾ നാലാം ക്ലാസുകാരൻ ഇലാൻ റിഥം പാഡിൽ താളം പിടിക്കും. മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയോടെ ആറ് വർഷങ്ങൾക്കു മുമ്പാണ് വെബ്‌സാൻ പിയാനോ പഠിക്കാൻ ആരംഭിച്ചത്. ഇലാനാവട്ടെ രണ്ട് വർഷങ്ങൾക്ക് മുമ്പ് കോവിഡ് കാരണം സൗദിയിൽ ലോക്ഡൗൺ ആരംഭിച്ച സമയം മുതലാണ് റിഥം പാഡ് പരിശീലിച്ചു തുടങ്ങിയത്.

സംഗീത ഉപകരണ അധ്യാപകൻ പരപ്പനങ്ങാടി സ്വദേശി കെ.ജെ കോയയുടെ ശിക്ഷണത്തിലാണ് ഇരുവരും സംഗീതലോകത്തേക്ക് പിച്ചവെച്ചത്. പഠിപ്പിക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ പ്രാക്ടീസ് ചെയ്ത് കഠിനാധ്വാനം നടത്തിയാണ് ഇവർ തികഞ്ഞ മ്യൂസിക് ഉപകരണ വായനക്കാരായത്. ഇവരുടെ വളർച്ചയിൽ ജിദ്ദയിലെ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് എന്ന സംഗീത കൂട്ടായ്മക്കും കാര്യമായ പങ്കുണ്ട്. വാരാന്ത്യങ്ങളിൽ ഈ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഗസൽ രാവുകളിൽ പാട്ടുകാർക്ക് പശ്ചാതല സംഗീതമൊരുക്കിയാണ് വെബ്‌സാനും ഇലാനും തങ്ങളുടെ കഴിവുകൾ വളർത്തിയത്. ഒപ്പം ജിദ്ദയിലെ വിവിധ കലാസാംസ്കാരിക പരിപാടികളിലും ഇവർ ലൈവ് ഓർക്കസ്ട്ര അവതരിപ്പിച്ചിരുന്നു.

വെബ്‌സാൻ ഖാൻ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയോടൊപ്പം.

മീഡിയവൺ ചാനൽ ജിദ്ദയിൽ സംഘടിപ്പിച്ച 'പ്രവാസോത്സവ'ത്തിൽ പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയോടൊപ്പം സിനിമ പിന്നണി ഗായകർക്ക് വേണ്ടി പിയാനോ വായിക്കാൻ വെബ്‌സാന് അവസരം ലഭിച്ചിരുന്നു. ശേഷം ജിദ്ദയിൽ നടന്ന ഇന്ത്യൻ ഫെസ്റ്റിലും വെബ്‌സാൻ പിയാനോ കൈകാര്യം ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ സൗദിക്ക് പുറത്തുള്ള വിവിധ കൂട്ടായ്മകളും ഇവരുടെ ലൈവ് പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ജിദ്ദയിലെ കലാവേദികളോട് വിടപറഞ്ഞു തിങ്കളാഴ്ച ഇവർ നാട്ടിലേക്ക് പറക്കും. നാട്ടിലെത്തിയാലും അക്കാദമിക പഠനത്തോടൊപ്പം സംഗീത ഉപകരണ പഠനവും ഒന്നിച്ചു കൊണ്ടുപോവുമെന്ന് ഇരുവരും പറഞ്ഞു. ഒപ്പം സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള അവതരണം തുടരും.

വെബ്‌സാൻ ഖാൻ, ഇലാൻ ഖാൻ എന്നിവരുടെ കുടുംബം

മലപ്പുറം എടക്കര സ്വദേശികളായ പഠിക്കപറമ്പിൽ മനോജ് ഖാനും ശബ്നയുമാണ് ഇവരുടെ മാതാപിതാക്കൾ. ജിഹാൻ ഏക സഹോദരിയാണ്. എടക്കര പലേമാട് ശ്രീവിവേകാനന്ദ സ്കൂളിൽ പ്ലസ് വൺ ക്ലാസിലാണ് വെബ്സാൻ പഠനം തുടരുക. മമ്പാട് സ്പ്രിംഗ്സ് ഇന്റർനാഷനൽ സ്കൂളിൽ നാലാം ക്ലാസിലാണ് ഇലാൻ ചേർന്നിരിക്കുന്നത്. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങുന്ന ഇരുവർക്കും ജിദ്ദയിലെ വിവിധ സംഘടനകൾ വിപുലമായ യാത്രയയപ്പുകൾ ഒരുക്കിയിരുന്നു. ഇരുവരും പ്രവാസത്തോട് വിടപറയുമ്പോൾ ജിദ്ദ പ്രവാസികൾക്ക് ഇവരുടെ ലൈവ് പരിപാടികൾ നഷ്ട്ടപ്പെടുന്ന സങ്കടമാണ്.

Tags:    
News Summary - Vebzan Khan and Ilan Khan returning to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.