ജിദ്ദ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളിൽ ജിദ്ദയിൽ നിന്നുള്ള മൂന്ന് വിമാന സർവിസുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി ജിദ്ദ  ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ജൂലൈ 16ന് (വ്യാഴം) ഷെഡ്യൂൾ ചെയ്തിരുന്ന ജിദ്ദ-കണ്ണൂർ വിമാനം ജൂലൈ 20 തിങ്കളാഴ്ചയിലേക്കാണ് മാറ്റിയിരിക്കുന്നത്. പുലർച്ചെ  നാലിനായിരിക്കും ജിദ്ദയിൽ നിന്നും വിമാനം പുറപ്പെടുക. 

ജൂലൈ 17ന്​ (വെള്ളി) നിശ്ചയിച്ചിരുന്ന ജിദ്ദ-തിരുവനന്തപുരം വിമാനം ജൂലൈ 21ലേക്ക്​ (ചൊവ്വ) മാറ്റിയിട്ടുണ്ട്. ഈ വിമാനം അന്നേ ദിവസം രാത്രി 8.30ന് ജിദ്ദയിൽ നിന്നും പുറപ്പെടും. നേരത്തെ ജൂലൈ 15ന്​ (ബുധൻ) ഷെഡ്യൂൾ ചെയ്തിരുന്ന ജിദ്ദ-ഡൽഹി-ലക്‌നോ വിമാന സർവിസും ജൂലൈ 21ലേക്ക്​ (ചൊവ്വ) മാറ്റിയിട്ടുണ്ട്. ഈ വിമാനം ജിദ്ദയിൽ നിന്നും പുലർച്ചെ 2.30നായിരിക്കും പുറപ്പെടുക. ഈ വിമാനങ്ങളിലേക്ക് നേരത്തെ ടിക്കറ്റ് എടുത്തവർ എയർ ഇന്ത്യ ഓഫീസിലെത്തി പുതിയ ഷെഡ്യൂൾ അനുസരിച്ചുള്ള ടിക്കറ്റുകൾ മാറ്റിയെടുക്കണം. ഇതിന് മറ്റു ഫീസുകളൊന്നും അടക്കേണ്ടതില്ല. 

ഷെഡ്യൂളിൽ തീയതി മാറ്റിയ കണ്ണൂർ, തിരുവനന്തപുരം വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ കോൺസുലേറ്റിൽ നിന്നുള്ള അറിയിപ്പ് ഇല്ലാതെ തന്നെ ജൂലൈ 16 (വ്യാഴം) മുതൽ എയർ ഇന്ത്യ ഓഫീസിലെത്തി നേരിട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇങ്ങനെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്​റ്റർ ചെയ്തവരായിരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യ പരിഗണന എന്ന രീതിയിലായിരിക്കും ടിക്കറ്റ് വിൽപ്പനയെന്നും കോൺസുലേറ്റ്  അറിയിച്ചിട്ടുണ്ട്. 

എന്നാൽ നേരിട്ടുള്ള ടിക്കറ്റ് വിൽപന ഈ രണ്ട് സർവിസുകൾക്ക് മാത്രമാണെന്നും ഷെഡ്യൂൾ ചെയ്ത മറ്റു സർവിസുകൾക്കുള്ള ടിക്കറ്റുകൾ  കോൺസുലേറ്റിൽ നിന്നും വിളിച്ചറിയിക്കുന്നവർക്ക് മാത്രമായിരിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. ജിദ്ദയിൽ നിന്നും നേരത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ജൂലൈ 18, 19 തീയതികളിലെ കോഴിക്കോട്, കൊച്ചി സർവിസുകളുടെയും 20ലെ കണ്ണൂർ, 21ലെ തിരുവനന്തപുരം സർവിസുകളുടെയും സമയത്തിൽ മാറ്റമൊന്നുമില്ല. പുതിയ  ഷെഡ്യൂൾ അനുസരിച്ച് ജൂലൈ 20ന് ജിദ്ദയിൽ നിന്നും കണ്ണൂരിലേക്കും ജൂലൈ 21ന് തിരുവനന്തപുരത്തേക്കും രണ്ട് വീതം സർവിസുകൾ ഉണ്ടാവും.

News Summary - vande bhard mishan flaight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.