അബഹയിൽ ഷോപ്പിങ്​ ഫെസ്​റ്റിവലിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ഇലക്ട്രിക് റൈഡ് തകർന്നപ്പോൾ

അബഹയിൽ ഫെസ്​റ്റിവൽ റൈഡ് തകർന്നു വീണ് അപകടം: 18 പേർക്ക് പരിക്ക്, സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് അസീർ പ്രവിശ്യാ ഭരണകൂടം

അബഹ: സൗദി അറേബ്യയിലെ അബഹയിൽ ഷോപ്പിങ്​ ഫെസ്​റ്റിവലി​െൻറ ഭാഗമായി പ്രവർത്തിച്ചിരുന്ന വിനോദസഞ്ചാര കേന്ദ്രത്തിൽ ഇലക്ട്രിക് റൈഡ് തകർന്നുണ്ടായ വൻ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. റൈഡ് പെട്ടെന്ന് തകർന്നു വീഴുകയായിരുന്നുവെങ്കിലും, അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല എന്നത് വലിയ ആശ്വാസമായി.

അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ച ഉടൻ തന്നെ അസീർ മേഖലയിലെ മുൻസിപ്പാലിറ്റി അധികൃതരും ബന്ധപ്പെട്ട ഔദ്യോഗിക സുരക്ഷാ-രക്ഷാപ്രവർത്തന വിഭാഗങ്ങളും സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായവും മികച്ച പരിചരണവും നിലവിൽ ഉറപ്പാക്കിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് അസീർ പ്രവിശ്യാ ഭരണകൂടം അടിയന്തരവും വിശദവുമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അപകടത്തി​െൻറ യഥാർത്ഥ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തിവരികയാണെന്ന് പ്രവിശ്യാ ഭരണകൂടം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവത്തി​െൻറ സാങ്കേതികവും നിയന്ത്രണപരവുമായ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനൊപ്പം, ഇതിന് കാരണക്കാരായവർക്കെതിരെ നിയമപരമായ എല്ലാ തുടർനടപടികളും കർശനമായി പൂർത്തിയാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതേസമയം, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശക്തമായ നിരീക്ഷണവും കൃത്യമായ ഇടവേളകളിലുള്ള അറ്റകുറ്റപ്പണികളും ഉറപ്പാക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം ഗുരുതരമായ വീഴ്ചകൾ വരുത്തുന്ന ഓപ്പറേറ്റിങ്​ കമ്പനികൾക്കെതിരെ കർശനമായ അന്വേഷണം നടത്തി, ഉയർന്ന പിഴ ഉൾപ്പെടെയുള്ള മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

നിയമനടപടികളുടെ സുഗമമായ പുരോഗതിക്കും കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിനും വേണ്ടി, പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്ന് അസീർ ഭരണകൂടം അഭ്യർത്ഥിച്ചു. അപകടവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകളോ ഊഹാപോഹങ്ങളോ സോഷ്യൽ മീഡിയ വഴിയോ മറ്റോ പ്രചരിപ്പിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Festival Ride Collapses in Abha; 18 Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.