യാംബു: സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. 2025ലെ മൂന്നാം പാദത്തിൽ സൗദി അറേബ്യയിലെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനമായി കുറയുന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. 2025ലെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ സൗദി പൗരന്മാരും വിദേശികളും ഉൾപ്പെടെ സൗദി ജനസംഖ്യയിലെ മൊത്തത്തിലുള്ള വാർഷിക തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.തൊഴിൽ പദ്ധതികളുടെ പോസിറ്റീവ് സ്വാധീനത്തെയും ദേശീയ പ്രതിഭകളുടെ ശാക്തീകരണത്തെയും ഈ പുരോഗതി പ്രതിഫലിപ്പിക്കുന്നു.
സാമ്പത്തിക പ്രവർത്തന അടിത്തറയുടെ വികാസത്തെ പ്രതിഫലിപ്പിക്കുന്ന മൊത്തം ജനസംഖ്യയുടെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് 66.9 ശതമാനത്തിലെത്തി. ഇത് 0.3 ശതമാനം പോയന്റിന്റെ വാർഷിക വർധനവാണ്. സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനത്തിലെത്തിയിരുന്നു. ഇത് പ്രതിവർഷം 0.3 ശതമാനം പോയന്റിന്റെ കുറവാണ് സൂചിപ്പിക്കുന്നത്. ത്രൈമാസ തൊഴിലില്ലായ്മ നിരക്കിൽ 0.7 ശതമാനം പോയന്റ് വർധനയുണ്ടായിട്ടും ഇടത്തരം കാലയളവിൽ തുടർച്ചയായ പുരോഗതി സ്ഥിരീകരിക്കുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
തൊഴിൽ മേഖലയിൽ സൗദി പുരുഷന്മാരുടെ പങ്കാളിത്തം 64.3 ശതമാനമായി വർധിച്ചു. ഇത് ദേശീയ തൊഴിൽ ആവശ്യകതയെക്കുറിച്ചുള്ള സ്ഥിരമായ പ്രതിഫലനമാണ്. അതേസമയം സൗദി സ്ത്രീകൾ തൊഴിൽ വിപണിയിൽ സജീവ സാന്നിധ്യം തുടരുന്നുണ്ട്. തൊഴിൽ അവസരങ്ങളുടെ വികാസവും വൈവിധ്യവത്കരണവും പങ്കാളിത്ത നിലവാരത്തിൽ പ്രതിഫലിക്കുന്നു. 15നും 24നും ഇടയിൽ പ്രായമുള്ള സൗദി യുവതീയുവാക്കൾ ഉയർന്ന തൊഴിൽ ശക്തി പങ്കാളിത്ത നിരക്കുകൾ ഡേറ്റ വെളിപ്പെടുത്തി. പരിശീലന, യോഗ്യതാ പരിപാടികളുടെയും വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിന്റെയും പിന്തുണയോടെ തൊഴിൽ വിപണിയിൽ പ്രവേശിക്കാനും നേരത്തെയുള്ള അനുഭവം നേടാനുമുള്ള വർധിച്ചുവരുന്ന ആഗ്രഹത്തിന്റെ ഒരു നല്ല സൂചകമായിട്ടാണ് ഇത് വിലയിരുത്തുന്നത്. തൊഴിലില്ലാത്ത സൗദികളിൽ 95.3 ശതമാനം പേരും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ, വലിയൊരു ശതമാനം പേർ മുഴുവൻ ജോലിസമയവും ഒരു മണിക്കൂർ വരെ യാത്ര ചെയ്യാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചതായും അതോറിറ്റിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.