തിരിച്ചറിയൽ രേഖ ഉപയോഗിച്ച് അനധികൃത പണമയക്കൽ: മലയാളി നാട്ടിൽ പോകാനാവാതെ കുടുങ്ങിയത് മൂന്നു വർഷം

ദമ്മാം: സൗദിയിൽ ചെറിയ ശമ്പളത്തിൽ ജോലിചെയ്യുന്ന ആലപ്പുഴ സ്വദേശി യുവാവിന്‍റെ ഇഖാമ ഉപയോഗിച്ച് അജ്ഞാത തട്ടിപ്പുസംഘം അയച്ചത് 3.6 കോടി റിയാൽ. സ്വപ്നം കാണാൻ പോലും സാധിക്കാത്ത ഈ തുകയുടെ പേരിൽ ഇദ്ദേഹം നാട്ടിൽ പോകാനാവാതെ കുടുങ്ങിയത് മൂന്നു വർഷം. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് കേസിൽനിന്ന് മുക്തമാകുമെന്ന പ്രതീക്ഷയിലാണ് ഇയാൾ.

11 വർഷമായി റിയാദിലെ കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപറേറ്ററാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഈ 30കാരൻ. 2018 ആഗസ്റ്റിലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. വിവാഹം കഴിഞ്ഞ് 45ാം ദിവസം അവധി കഴിഞ്ഞ് തിരിച്ചെത്തിയതാണ്. പിന്നീട് ഇഖാമ പുതുക്കാൻ ശ്രമിച്ചപ്പോൾ കേസുണ്ടെന്നും പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനും അറിയിപ്പ് കിട്ടി. കുടുതൽ അന്വേഷിച്ചപ്പോഴാണ് അൽഖോബാർ പൊലീസ് സ്റ്റേഷനിലാണ് കേസെന്ന് അറിഞ്ഞത്. ഒരിക്കൽപോലും അൽഖോബാറിൽ പോകാത്ത യുവാവിന് അവിടെ എങ്ങനെ കേസുണ്ടായി എന്നായി സംശയം.

കമ്പനി പി.ആർ.ഒ ആയ സൗദി പൗരനുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് തന്‍റെ ഇഖാമ ഉപയോഗിച്ച് വലിയ സംഖ്യ വിവിധ സ്ഥലങ്ങളിലേക്ക് അയച്ചതായി അറിഞ്ഞത്. താൻ നിരപരാധിയാണെന്ന വാദം പൊലീസുകാർ ഏറക്കുറെ വിശ്വസിച്ചെങ്കിലും നിയമക്കുരുക്ക് സങ്കീർണമായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയുടെ ചോദ്യം ചെയ്യലിനും ഇരയാകേണ്ടിവന്നു. അഞ്ചോളം വിവിധ പൊലീസ് വിഭാഗങ്ങളുടെ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യൽ വേറെയും. 20 പേരാണ് പണമയക്കൽ തട്ടിപ്പ് സംഘത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. അവർ ചോദിച്ച ഒരു പേരുപോലും അറിയില്ലെന്നും ഇദ്ദേഹം പറയുന്നു. സഹായമഭ്യർഥിച്ച് ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും പണമിടപാട് കേസിൽ സഹായിക്കാനാവില്ലെന്ന് കൈമലർത്തി.

കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗവും നാട്ടുകാരനുമായ ഷാജി ആലപ്പുഴയാണ് സഹായവുമായെത്തിയത്. അദ്ദേഹം തന്‍റെ പരിചയത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാക്കി നിരപരാധിയാണെന്ന് തെളിവു സഹിതം വ്യക്തമാക്കി. തുടർന്ന് അവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യാത്രവിലക്ക് പിൻവലിച്ചത്. റമദാൻ കഴിഞ്ഞാൽ ഇഖാമ പുതുക്കി നാട്ടിൽ പോകാനുള്ള ഒരുക്കത്തിലാണ്.

Tags:    
News Summary - Unauthorized remittance with identity card: Malayalee trapped for three years without being able to go home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.