മേളയിൽ ഉത്പന്നങ്ങളുമായി എത്തിയ വാഹനങ്ങളുടെ നിര
ബുറൈദ: ഈന്തപ്പന കർഷകരുടെ വലിയ തോതിലുള്ള പങ്കാളിത്തവുമായി ഉനൈസയിൽ ഈത്തപ്പഴ മേള ആരംഭിച്ചു. ഖസീമിലെ രണ്ടാമത്തെ വലിയ നഗരമായ ഉനൈസയിലെ 'ഭക്ഷണ നഗരം' (ഫുഡ് സിറ്റി)യിലാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. ആദ്യദിനം തന്നെ നൂറുകണക്കിന് വാഹനങ്ങളാണ് ഉൽപന്നങ്ങളുമായി മേളനഗരിയിലെത്തിയത്. ഉനൈസ ചേംബർ ഓഫ് കൊമേഴ്‌സ് സർക്കാർ, സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. അറബ് കുടുംബങ്ങളുടെ സ്വീകരണ മുറികളിലെ വിശിഷ്ട ഭോജ്യയിനമായ സ്വർണവർണത്തിലുള്ള 'സുക്കരി' തന്നെയാണ് മുന്തിയ വിലയ്ക്ക് ലേലം വിളിച്ചുപോകുന്നത്. പാകമാകുന്ന മുറയ്ക്ക് രണ്ടാഴ്ചക്കുള്ളിൽ ആവശ്യക്കാർ ഏറെയുള്ള സുക്കരിയിലെ ഏറ്റവും മുന്തിയ ഇനം ഫുഡ് സിറ്റിയിലെത്തും.
ഉനൈസ ഈത്തപ്പഴ മേളയുടെ അവലോകന യോഗത്തിൽ ഖസീം അമീർ ഡോ. ഫൈസൽ ബിൻ ബന്ദർ ബിൻ മിഷാൽ ചേംബർ പ്രതിനിധികളുമായി സംസാരിക്കുന്നു
ഖസീം അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സൗദ് ബിൻ അബ്ദുൽ അസീസിന്റെ നിർദേശങ്ങൾക്കനുസൃതമായി സംഘടിപ്പിച്ച മേളയിൽ പങ്കാളിത്തം വഹിക്കാൻ നിരവധി വ്യാപാര കൂട്ടായ്മകളും ഇടനിലക്കാരും കയറ്റുമതിക്കാരും സംരംഭകരും തയാറായതായി മേളയുടെ എക്സിക്യുട്ടീവ് ഡയറക്ടർ ആദിൽ ബിൻ യഹ്‌യ അൽറഷീദ് പറഞ്ഞു.
ലേലത്തിന് തൊട്ട് മുമ്പ് സുക്കരി ഈത്തപ്പഴം അന്തരീക്ഷത്തിലേക്ക് എറിഞ്ഞ് ആഹ്ലാദം പ്രകടിപ്പിക്കുന്ന കർഷകൻ
മേഖലയുടെ സാമ്പത്തിക ഉണർവിൽ വലിയ പങ്കുവഹിക്കുന്ന ഈത്തപ്പഴ കൃഷിയിലേക്ക് കർഷക കുടുംബങ്ങളെ ആകർഷിക്കുന്നതിനുള്ള ചേംബറിന്റെ ശ്രമങ്ങൾ വലിയ ഫലം കാണുന്നുണ്ട്. വ്യാപാര രംഗത്തേക്ക് കടന്നുവരാൻ തയാറാകുന്ന യുവാക്കൾക്ക് ചേംബർ എല്ലാവിധ സൗകര്യവും ചെയ്തുകൊടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.