കേരള സര്‍ക്കാര്‍ സൗദിയിലെ പൊതുമാപ്പ് അറിഞ്ഞ മട്ടില്ല - ഉമ്മന്‍ ചാണ്ടി

ജിദ്ദ: സൗദി ഗവണ്‍മ​െൻറ്​ പ്രഖ്യാപിച്ച പൊതുമാപ്പ് സംബന്ധിച്ച് യാതൊരു വിവരവും അറിയാത്ത മട്ടിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആദ്യമായി ജിദ്ദയിലെത്തിയ അദ്ദേഹം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ തവണ പൊതുമാപ്പ് സമയത്ത് 250 ഓളം പേര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ടിക്കറ്റ് നല്‍കിയത്. ആവശ്യമായ സഹായത്തിന് നോര്‍ക്ക ഉദ്യോഗസ്ഥരെയും സൗദിയിലേക്ക് അയച്ചിരുന്നു. പല സംഘടനകളും സഹായവുമായി രംഗത്തെത്തി. എന്നാല്‍ ഇത്തവണ പൊതുമാപ്പ് ഉള്ള വിവരം പോലും സംസ്ഥാന ഗവണ്‍മ​െൻറ്​ അറിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിച്ചിരുന്നു. ഇത്തവണ അത്തരം പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.  

റിയാദ് ഡീപോര്‍ട്ടേഷന്‍ സ​െൻറര്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. ഇവിടെ ഇന്ത്യക്കു വേണ്ടി മാത്രമായി പ്രത്യേക കൗണ്ടര്‍ ഒരുക്കിയത് സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ലഭിച്ച അംഗീകാരമാണ്. ലോകത്തെ ഒരു രാജ്യത്തിനും ലഭിക്കാത്ത പരിഗണനയാണ് സൗദി ഇന്ത്യക്ക് നല്‍കുന്നത്. മതിയായ രേഖകളില്ലാത്തവര്‍ ഈ അവസരം ഉപയോഗിക്കണം. 34 വര്‍ഷം നാട്ടില്‍ പോയിട്ടില്ലാത്ത കൊല്ലം സ്വദേശിയെ ഇന്ത്യന്‍ എംബസിയില്‍ വെച്ച് കാണാന്‍ കഴിഞ്ഞു. ഒന്നര ലക്ഷം റിയാല്‍ പിഴയടക്കേണ്ടത് ഇളവു ചെയ്താണ് അദ്ദേഹം പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

കോഴിക്കോട് വിമാനത്താവളത്തി​​െൻറയും എയര്‍ കേരളയുടെയും കാര്യത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന് ദുഃഖമുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തി​​െൻറ പിടിവാശി കൊണ്ടാണ് എയര്‍ കേരള നടക്കാതെ പോയത്. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച ശ്രമങ്ങളുമായിട്ടാണ് യു.ഡി.എഫ് മുന്നോട്ടു പോയത്. എന്നാല്‍ ചില തീവ്രവാദ സംഘടനകള്‍ ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്ന പ്രശ്‌നം വഷളാക്കി. മതിയായ നഷ്​ടപരിഹാരം തരാമെന്നും നഷ്​ടപരിഹാരം കിട്ടിയ ശേഷം മാത്രം സ്ഥലം വിട്ടുകിട്ടിയാല്‍ മതിയെന്നും വീടു കൊടുക്കാമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ പാക്കേജ് അട്ടിമറിക്കപ്പെട്ടു. പ്രതിപക്ഷത്താണെങ്കിലും കോഴിക്കോട് വിമാനത്താവള വികസനത്തിന് യു.ഡി.എഫ് പൂര്‍ണ പിന്തുണ നല്‍കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായതോടെ ഇക്കാര്യത്തില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുണ്യഭൂമിയായ ജിദ്ദയില്‍ വരാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച ഉമ്മന്‍ ചാണ്ടി കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തുടരാന്‍ സാധിക്കട്ടെ എന്നും അദ്ദേഹമ ആശംസിച്ചു. മുന്‍ പ്രവാസി കാര്യമന്ത്രി കെ.സി ജോസഫ് എം.എല്‍.എക്കും ചടങ്ങില്‍ സ്വീകരണം നല്‍കി. 

സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡൻറ്​ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ്​ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ പി.എം.എ ജലീല്‍, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി, റസാഖ് അണക്കായി, സഹല്‍ തങ്ങള്‍, സി.കെ ഷാക്കിര്‍, മജീദ് പുകയൂര്‍,  ടി.പി ശുഐബ്, നാസര്‍ എടവനക്കാട്, ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശരീഫ് കുഞ്ഞ്, നാഷനല്‍ കമ്മിറ്റി പ്രസിഡൻറ്​ പി.എം നജീബ്, ജിദ്ദ കമ്മിറ്റി പ്രസിഡൻറ്​ കെ.ടി.എ മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു. 

Tags:    
News Summary - umman chandi saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.