യുക്രെയ്ൻ വിഷയത്തിൽ ജിദ്ദയിൽ നടന്ന ദ്വിദിന ചർച്ചയിൽ പങ്കെടുത്ത വിവിധ രാഷ്​ട്രങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ

യുക്രെയ്ൻ യുദ്ധം; ചർച്ചകൾ ക്രിയാത്മകവും പ്രതീക്ഷാനിർഭരവുമെന്ന്​ അംബാസഡർ

റിയാദ്: യുക്രെയ്നിൽ റഷ്യ തുടങ്ങിവെച്ച യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താൻ ജിദ്ദയിൽ നടന്ന ചർച്ചകൾ ക്രിയാത്മകവും പ്രതീക്ഷ നൽകുന്നതുമാണെന്ന് യുക്രെയ്ൻ അംബാസഡർ പെട്രെങ്കോ അനറ്റോലി പറഞ്ഞു. യുക്രെയ്ൻ മുന്നോട്ടുവെച്ച 10 ഇന സമാധാന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ലോകരാഷ്​ട്രങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ചക്ക് മുൻകൈയെടുക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്തതിന് സൗദി അറേബ്യക്ക് അദ്ദേഹം നന്ദി പറഞ്ഞു. പ്രമുഖ പ്രാദേശിക മാധ്യമത്തോട് സംസാരിക്കവെയാണ് അനറ്റോലി സൗദി നേതൃത്വത്തോടുള്ള കൃതജ്ഞത പ്രകടിപ്പിച്ചത്​.

42 രാജ്യങ്ങളിൽനിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്​ടാക്കളും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്ത ദ്വിദിന യോഗത്തിൽ റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഞങ്ങളുടെ സമാധാന നിർദേശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും യുദ്ധവിരാമത്തിന് സാധ്യത തേടുന്നതിലും വളരെ പ്രതിബദ്ധതയോടെയും ആതിഥ്യമര്യാദയോടെയുമാണ് സൗദി അറേബ്യ പെരുമാറിയതെന്ന് അംബാസഡർ വ്യക്തമാക്കി.

42 രാജ്യങ്ങളെ ഇക്കാര്യത്തിൽ ഒരുമിച്ചിരുത്തുന്നതിന് തങ്ങൾക്ക് സാധിച്ചത് സൗദിയുടെ പിന്തുണയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ മുന്നോട്ടുവെച്ച ഫോർമുലയുടെ അടിസ്ഥാനത്തിൽ ഈ വർഷാവസാനം ഒരു ആഗോള ഉച്ചകോടി നടക്കണമെന്ന് പ്രസിഡൻറ്​ വൊളോദിമർ സെലെൻസ്‌കി പറഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ചർച്ച ക്രിയാത്മകമാണെന്ന് തെളിഞ്ഞു. ഒരു വിശാലമായ കാഴ്ചപ്പാട് ഇപ്പോൾ നിലവിലുണ്ട്. ഇതിനായി ഒരു ആഗോള ഉച്ചകോടിക്ക് കൂട്ടായ ശ്രമമുണ്ടാകുമെന്നും അനറ്റോലി പറഞ്ഞു. യുക്രെയ്‌നിനെതിരായ സൈനിക ആക്രമണം അവസാനിപ്പിക്കുക, പ്രാദേശിക സമഗ്രതയും പരമാധികാരവും പുനഃസ്ഥാപിക്കുക, യുക്രെയ്‌നി​െൻറ സാമ്പത്തിക വീണ്ടെടുപ്പിന് അവസരം നൽകുക, ഇക്കാര്യങ്ങൾക്ക് യു.എൻ ചാർട്ടറിൽ വിശ്വാസമർപ്പിച്ച് മുന്നേറുക എന്നീ നിർദേശങ്ങൾ രണ്ട് ദിവസത്തെ ചർച്ചകളിൽ ഉരുത്തിരിഞ്ഞ കാര്യം അദ്ദേഹം വെളിപ്പെടുത്തി.

നീതിയിലധിഷ്ഠിതവും ശാശ്വതവുമായ സമാധാനം കെട്ടിപ്പടുക്കേണ്ടതി​െൻറ ആവശ്യകതയെ കുറിച്ച് രണ്ട് ദിവസത്തെ ചർച്ചക്കിടെ ഫലപ്രദമായ കൂടിയാലോചനകളാണ് നടന്നതെന്നും തുറന്നതും സത്യസന്ധവുമായിരുന്നു അവയെന്നും സെലെൻസ്‌കിയുടെ സ്​റ്റാഫ് മേധാവി ആൻഡ്രി യെർമാകിനെ ഉദ്ധരിച്ച് ‘അൽ അറബിയ’ റിപ്പോർട്ട് ചെയ്തു.

പങ്കെടുത്ത എല്ലാ രാജ്യങ്ങളും അന്താരാഷ്​ട്ര നിയമങ്ങളോടും തത്വങ്ങളോടുമുള്ള പ്രതിബദ്ധതയും രാഷ്​ട്രങ്ങളുടെ പരമാധികാരത്തിലുള്ള ആദരവും പ്രകടമാക്കിയിട്ടുണ്ടെന്ന് യെർമാക് പറഞ്ഞു. ഇതിനിടെ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യക്ക് യു.എസ് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥൻ വാഷിങ്​ടണി​െൻറ അഭിനന്ദനം അറിയിച്ചതായും റിപ്പോർട്ടുണ്ട്. ചർച്ചകളിൽ റഷ്യ പങ്കെടുത്തില്ലെങ്കിലും നടപടിക്രമങ്ങൾ ‘സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന്’ ക്രെംലിൻ വ്യക്തമാക്കിയിരുന്നു.




Tags:    
News Summary - Ukraine War; Ambassador said that the discussions will be constructive and promising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.