സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി

യെമനിലെ ലഹജ് പ്രവിശ്യയിൽ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് സഖ്യസേന

ജിദ്ദ: യെമനിലെ ലഹജ് പ്രവിശ്യയിലുണ്ടായ ഭീകരമായ ആക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച് യെമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്ന സഖ്യസേന രംഗത്തെത്തി. ജയന്റ്‌സ് ഫോഴ്‌സ് രണ്ടാമത് ഡിവിഷൻ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹംദി ശുക്രിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ലഹജിലെ ജൗല മേഖലയിൽ വെച്ച് ആക്രമണം ഉണ്ടായത്. ഈ ക്രൂരമായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സഖ്യസേന അറിയിച്ചു. മാനുഷികവും ധാർമികവുമായ സകല മൂല്യങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഈ കുറ്റകൃത്യത്തെ സഖ്യസേന ഭീരുത്വമെന്ന് വിശേഷിപ്പിച്ചു.

മോചിപ്പിക്കപ്പെട്ട പ്രവിശ്യകളുടെ സുരക്ഷയും ജനങ്ങളുടെ സമാധാനജീവിതവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ അതിശക്തമായ രീതിയിൽ പ്രതികരിക്കുമെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ഏദൻ ഉൾപ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകര പ്രവർത്തനങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യെമൻ ജനതയോടുള്ള മാനുഷികവും ധാർമികവുമായ കടമകൾ മുൻനിർത്തി, രാജ്യത്ത് സുസ്ഥിരത നിലനിർത്തുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട സുരക്ഷ ഏജൻസികളുമായി ചേർന്ന് സഖ്യസേന ഏകോപനം തുടർന്നുവരികയാണ്.

അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഐക്യത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ സഖ്യസേന, വിധ്വംസക പ്രവർത്തനങ്ങളെ നേരിടാൻ യെമൻ സർക്കാഞുമായും സൈനിക, സുരക്ഷ വിഭാഗങ്ങളുമായും കൈകോർക്കാൻ ആഹ്വാനം ചെയ്തു. സാമൂഹിക സമാധാനം തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന് വ്യക്തമാക്കിയ സഖ്യസേന, അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ എല്ലാ പിന്തുണയും യെമൻ സുരക്ഷ സേനക്ക് നൽകുമെന്നും അറിയിച്ചു. ഭീകരവാദത്തെ അതിന്റെ സാമ്പത്തികവും ആശയപരവുമായ സ്രോതസ്സുകളിൽ നിന്ന് തന്നെ വേരോടെ പിഴുതെറിയാൻ പ്രാദേശികവും അന്തർദേശീയവുമായ സഹകരണം അനിവാര്യമാണെന്നും സഖ്യസേന പ്രസ്താവനയിൽ ഓർമിപ്പിച്ചു.

Tags:    
News Summary - Terrorist attack on convoy in Lahj province, Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.