റഫയിലെ വൈൽഡ് പ്ലാൻറ് റിസർവിലെ കാഴ്ചകൾ
യാംബു: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയായ റഫയിലെ വൈൽഡ് പ്ലാൻറ് റിസർവ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു.പ്രകൃതിഭംഗിയും അപൂർവ സസ്യജാലങ്ങളും സംഗമിക്കുന്ന ഈ റിസർവ്, പരിസ്ഥിതി സംരക്ഷണവും വിനോദസഞ്ചാരവും എങ്ങനെയൊന്നിപ്പിക്കാം എന്നതിെൻറ മികച്ച ഉദാഹരണമായി മാറുകയാണ്. പതിനായിരക്കണക്കിന് കാട്ടുചെടികളും വൈവിധ്യമാർന്ന പൂക്കളുമാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്.
പ്രകൃതിസ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ ഇടം, സീസണൽ പൂക്കളുടെ വർണക്കാഴ്ചകളാൽ സമൃദ്ധമാണ്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രകൃതി ആസ്വദിക്കാൻ റിസർവിൽ പ്രവേശനം തികച്ചും സൗജന്യമാണ്.
പ്രദേശത്തിന് മാത്രം അവകാശപ്പെടാനായുള്ള പ്രാദേശിക സസ്യജാലങ്ങളുടെ വൻശേഖരം ഇവിടെയുണ്ട്. വിശ്രമവേളകൾ ആനന്ദകരമാക്കാൻ കുടുംബസമേതം എത്തുന്നവരുടെ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കിടയിൽ പാരിസ്ഥിതിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ റിസർവ് ഒരുക്കിയിരിക്കുന്നത്.
‘ജൈവവൈവിധ്യം നിലനിർത്തുന്നതിനും മേഖലയുടെ പരിസ്ഥിതി പ്രാധാന്യം സംരക്ഷിക്കുന്നതിനുമായി വലിയ പദ്ധതികളാണ് നടപ്പാക്കുന്നത്. കൂടുതൽ വൈവിധ്യമാർന്ന ചെടികൾ നട്ടുപിടിപ്പിക്കുന്നതിനും റിസർവ് വിപുലീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്’ -റിസർവ് മേധാവി സാലിഹ് അൽ ഫുറൈഹ് പറഞ്ഞു.
വസന്തകാലത്ത് സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത്, കൂടുതൽ ആധുനിക സൗകര്യങ്ങൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. പ്രകൃതി സൗന്ദര്യത്തെ ഒരു പാരിസ്ഥിതിക സന്ദേശമായി ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.