റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറിന്റെ ചരക്ക് സേവന വിഭാഗമായ ‘റിയാദ് കാർഗോ’ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ആഗോള എയർ കാർഗോ വിപണിയിൽ ശക്തമായ സാന്നിധ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ചുവടുവെപ്പ്. ഓർഡർ ചെയ്തിട്ടുള്ള 120-ലധികം വലിയ വിമാനങ്ങളുടെ (വൈഡ് ബോഡി എയർക്രാഫ്റ്റ്) ചരക്ക് അറകൾ ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും ഇതിന്റെ പ്രവർത്തനം.
തലസ്ഥാനമായ റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനി, റിയാദ്-ലണ്ടൻ റൂട്ടിൽ നടത്തിയ പരീക്ഷണ പറക്കലുകളിലൂടെ വലിയ വിജയമാണ് കൈവരിച്ചത്. വസ്ത്രങ്ങൾ, പൂക്കൾ, മത്സ്യം, ചായ, കാപ്പി തുടങ്ങി പെട്ടെന്ന് കേടാകുന്നതും വിപണിയിൽ ഉയർന്ന മൂല്യമുള്ളതുമായ ഉൽപന്നങ്ങൾ കൃത്യസമയത്ത് എത്തിക്കാൻ സാധിക്കുമെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.
പ്രവർത്തനങ്ങളിൽ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് റിയാദ് കാർഗോ ഒരുക്കിയിരിക്കുന്നത്. എയർവേ ബില്ലുകൾ നിയന്ത്രിക്കുന്നതിനും വിവരങ്ങൾ തത്സമയം വിശകലനം ചെയ്യുന്നതിനും അത്യാധുനിക സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നു. ഇതിനായി ചാംപ്സ്, യൂനിയോഡ് തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളുമായി റിയാദ് കാർഗോ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ചരക്കുകളുടെ നീക്കം ഓരോ നിമിഷവും നിരീക്ഷിക്കാനുള്ള ട്രാക്കിങ് സംവിധാനവും ഇതിലൂടെ ലഭ്യമാകും.
സൗദി അറേബ്യയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് ഗ്രൗണ്ട് ഹാൻഡ്‌ലിങ് പ്രവർത്തനങ്ങൾ നടക്കുന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് കാർഗോ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉണ്ടാവുക. സാറ്റ്‌സ് സൗദി കമ്പനിയുമായി ചേർന്നാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ചരക്ക് നീക്കം നിയന്ത്രിക്കുന്നത്.
സൗദി അറേബ്യയെ ഒരു ആഗോള ലോജിസ്റ്റിക് ഹബ്ബായി മാറ്റുക എന്ന ‘വിഷൻ 2030’-ന്റെ ഭാഗമായാണ് റിയാദ് കാർഗോയുടെ ഈ കടന്നുവരവ്. 2030-ഓടെ നൂറിലധികം നഗരങ്ങളിലേക്ക് സർവിസ് വ്യാപിപ്പിക്കാൻ റിയാദ് എയർ ലക്ഷ്യമിടുന്നു. ഏകദേശം 182 വിമാനങ്ങളാണ് കമ്പനി ഇതിനോടകം ഓർഡർ ചെയ്തിരിക്കുന്നത്. ഈ പദ്ധതിയിലൂടെ സൗദിയുടെ എണ്ണയിതര ജി.ഡി.പിയിലേക്ക് 2000 കോടി ഡോളറിന്റെ സംഭാവനയും ലോകമെമ്പാടുമായി രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.