അബഹയിലെ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് യുവാക്കൾ മരിച്ചു; രണ്ടുപേർക്ക്​ പരിക്ക്

അബഹ: ദക്ഷിണ സൗദിയിലെ അബഹക്ക്​ സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർകോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ അബഹയിൽ നിന്നു 80 കിലോമീറ്റർ അകലെ ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദ എന്ന സ്ഥലത്തായിരുന്നു അപകടം.

സെൻട്രൽ പോയിൻറ്​ ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ, അബഹയിലെ റീജ്യനൽ ഓഫീസിൽ സ്​റ്റാഫ് മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാർ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ വാഹനത്തിന്​ പിറകിൽ സൗദി പൗര​ന്റെ വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു.

റിയാസും അമ്മാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് വലിയപറമ്പ എ.എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന മുബറാക്-റംലത്ത് ദമ്പതികളുടെ മകനാണ് മരിച്ച റിയാസ്​. ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇർഷാദ് അഹമ്മദ്-നജീന പർവീൻ ദമ്പതികളുടെ മകനാണ് അമ്മാർ അഹമ്മദ്.

Tags:    
News Summary - Two youths including a Malayali die in a road accident in Abaha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.