മക്ക: വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകരും മക്കയിൽ എത്തിച്ചേർന്നു. രാജ്യത്തെ 17 എംബാർക്കേഷൻ പോയിൻറുകൾ വഴി ജിദ്ദ, മദീന വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് തീർഥാടകരുടെ വരവ്.
ഇതിൽ മദീന വഴിയുള്ള സർവിസുകൾ കഴിഞ്ഞദിവസം പൂർത്തിയായി. മദീനയിലെത്തിയ ഹാജിമാർ സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി ജിദ്ദ വിമാനത്താവളം വഴി മാത്രമായിരിക്കും ഹാജിമാരുടെ വരവ്. മെയ് 22 വരെ ജിദ്ദ വഴിയുള്ള സർവീസുകൾ തുടരും.
ഇതുവരെ 300 വിമാനങ്ങളിലായി 90,011 ഇന്ത്യൻ ഹാജിമാരാണ് സൗദി അറേബ്യയിലെത്തിയത്. സൗദി എയർലൈൻസിൽ ജിദ്ദയിലെ ഒന്നാം നമ്പർ ടെർമിനൽ വഴി എത്തുന്ന 12,000-ഓളം തീർഥാടകരെ ഹറമൈൻ അതിവേഗ ട്രെയിൻ മാർഗമാണ് മക്കയിലെത്തിക്കുന്നത്. മറ്റുള്ളവർ ഹജ്ജ് സർവീസ് കമ്പനികൾ ഏർപ്പെടുത്തിയ ബസുകളിലാണ് മക്കയിലെത്തുന്നത്.
കേരളത്തിൽ നിന്നുള്ള ഹാജിമാരിൽ 11,000-ത്തിലധികം പേർ ഇതിനകം മക്കയിലെത്തിക്കഴിഞ്ഞു. കണ്ണൂരിൽ നിന്നുള്ള സർവീസുകൾ ബുധനാഴ്ചയോടെ പൂർത്തിയാകും. കോഴിക്കോട് നിന്നുള്ള തീർഥാടകരുടെ യാത്ര മെയ് 14 മുതൽ 17 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഇനി മൂന്ന് വിമാനങ്ങൾ കൂടി സർവീസ് നടത്താനുണ്ട്. മെയ് 17, 18, 19 തീയതികളിലായി ഈ സർവീസുകൾ കൂടി പൂർത്തിയാകുന്നതോടെ മെയ് 19-ന് മുഴുവൻ മലയാളി ഹാജിമാരും മക്കയിലെത്തും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ലക്ഷദ്വീപിൽ നിന്നുള്ള 107 തീർഥാടകരും മക്കയിലെത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ഇവർ യാത്ര തിരിച്ചത്. ഇവരെ സഹായിക്കാനായി ഒരു ഹജ്ജ് ഇൻസ്പെക്ടറും സംഘത്തോടൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.