മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൾ കരീം അൽഇസ്സ
റിയാദ്: ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് സൗദിയുടെയും ഫ്രാൻസിന്റെയും അധ്യക്ഷതയിൽ നടന്ന ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു.
സമ്മേളനം നേടിയ മഹത്തായ വിജയത്തിന് സൗദി ഉൾപ്പെടെ മുഴുവൻ അറബ്, ഇസ്‍ലാമിക രാഷ്ട്രത്തെയും നീതിയും സമാധാനവും ഇഷ്ടപ്പെടുന്ന ലോകത്തിലെ എല്ലാ രാജ്യങ്ങളെയും മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൾ കരീം അൽഇസ്സ അഭിനന്ദിച്ചു.
അഭൂതപൂർവമായ അന്താരാഷ്ട്ര പ്രതിബദ്ധത, ഫലസ്തീൻ രാഷ്ട്രത്തിന് ചരിത്രപരമായ ഔദ്യോഗിക അംഗീകാരം, യു.എൻ ജനറൽ അസംബ്ലിയുടെ അസാധാരണമായ പിന്തുണയോടെ 142 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ‘ന്യൂയോർക്ക് പ്രഖ്യാപനം" അംഗീകരിച്ചത് എന്നിവയിലൂടെ ദ്വിരാഷ്ട്ര പരിഹാരത്തോടുള്ള അചഞ്ചലമായ അന്താരാഷ്ട്ര പ്രതിബദ്ധതയെ ഏകീകരിക്കുകയും മേഖലയിലെ എല്ലാ ജനങ്ങൾക്കും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള മാറ്റാനാവാത്ത പാത സമ്മേളനം രൂപപ്പെടുത്തുകയുണ്ടായെന്നും അൽഈസ പറഞ്ഞു.
ഫലസ്തീൻ വിഷയത്തിൽ സൗദിയുടെ ഉറച്ച നിലപാടിന് പ്രത്യേകിച്ച് സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത അക്ഷീണവും നിർണായകവുമായ മുന്നേറ്റത്തിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശ പ്രകാശം ആരംഭിച്ച ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തിലൂടെ സംയുക്ത അറബ്-ഇസ്‍ലാമിക് മന്ത്രിതല സമിതിയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് കൊണ്ട് ഫ്രാൻസിന്റെ പങ്കാളിത്തത്തോടെ ചെയ്ത പ്രവർത്തനങ്ങളും ഡോ. അൽ ഈസ ആവർത്തിച്ചു.
യുദ്ധം, നാശം, ധാർഷ്ട്യം എന്നിവയുടെ യന്ത്രത്തിനെതിരെ ജ്ഞാനത്തിന്റെയും നീതിയുടെയും മൂല്യങ്ങളുടെയും ശബ്ദത്തിനും ഫലസ്തീൻ ജനതയുടെ നിയമപരവും ചരിത്രപരവുമായ അവകാശത്തിനും വേണ്ടിയുള്ള നിർണായകവും ചരിത്രപരവുമായ മാറ്റത്തിന് ഈ സമ്മേളനം ഒരു വിജയമാണെന്നും അൽഈസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.