തുറൈഫ് ഗവർണറേറ്റിൽനിന്നുള്ള ദൃശ്യങ്ങൾ
തുറൈഫ്: സൗദി അറേബ്യയുടെ വടക്കനതിർത്തി മേഖലയിലെ തുറൈഫ് പട്ടണത്തിന്റെ വിവിധ ഭാഗങ്ങൾ സമ്പന്നമായ സൗദി സാംസ്കാരിക പൈതൃകതത്തിന്റെയും ചരിത്രത്തിന്റെയും തുറന്ന പ്രദർശനശാല പോലെയാണ്.
നിരവധി സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും പൗരാണിക നാഗരികതയുടെ നാൾവഴികളിലേക്ക് വെളിച്ചം വീശുന്ന ചരിത്ര ശേഷിപ്പുകളും ഈ മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പലതും ഇസ്ലാമിക കാലഘട്ടത്തിന് മുമ്പുള്ള ചരിത്രപരവും സാംസ്കാരികവുമായ സ്മാരകങ്ങളാണ്. സൗദി-ജോർഡൻ അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന തുറൈഫിന് സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകവും ചരിത്രവുമുണ്ട്. മേഖലയിൽ ശിലായുഗ വാസസ്ഥലങ്ങളുടെ തെളിവുകൾ കണ്ടെത്തിയതായി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
തുറൈഫ് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ പുരാതന പൈതൃക ശേഷിപ്പുകൾ
സമഗ്ര പുരാവസ്തു സർവേ പ്രോഗ്രാമിന് കീഴിൽ രേഖപ്പെടുത്തിയിട്ടുള്ള ‘അഖ്റാൻ’ എന്നറിയപ്പെടുന്ന ദുഖ്റ പർവത മേഖലയിൽ ചരിത്രശേഷിപ്പുകളായി ചില രേഖകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ശിലായുഗം മുതലുള്ള മനുഷ്യവാസ കേന്ദ്രങ്ങളുടെ തെളിവുകൾ പ്രദേശത്ത് കണ്ടെത്തിയതിനാൽ ഈ പ്രദേശം രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു സ്ഥലങ്ങളിൽ ഒന്നാണെന്ന് സൗദി ഹിസ്റ്റോറിക്കൽ സൊസൈറ്റി അംഗം സാഹി അൽ ഖലാവി പറഞ്ഞു. റോമൻ കാലഘട്ടത്തിന്റെ അന്ത്യത്തിൽ (ക്രിസ്തുവിന് മുമ്പ് രണ്ട് മുതൽ ആറുവരെ നൂറ്റാണ്ടുകൾ) ഈ സ്ഥലത്ത് ജനവാസം ഉണ്ടായിരുന്നതായും ചരിത്രരേഖകളിൽ നിന്ന് മനസ്സിലാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
തുറൈഫ് പട്ടണത്തിൽനിന്ന് 40 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ‘ഖസർ ദുഖ്റ’ എന്ന പുരാവസ്തു കേന്ദ്രമാണ് പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക സ്ഥലങ്ങളിൽ ഒന്ന്.
സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായിക പൈതൃക കേന്ദ്രങ്ങളിലൊന്നായ ‘ട്രാൻസ് അറേബ്യൻ പൈപ്പ്ലൈൻ’ പ്രദേശത്തെ മറ്റൊരു നാഴികക്കല്ലാണ്. രാജ്യത്തിന്റെ കിഴക്കുഭാഗത്തുനിന്ന് വടക്കോട്ട് തുറൈഫിലൂടെ കടന്നുപോകുന്ന ഈ പൈപ്പ്ലൈൻ, ദേശീയ വ്യവസായിക പൈതൃക രജിസ്റ്ററിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ എണ്ണ വ്യവസായത്തിന്റെ പ്രാരംഭ ഘട്ടങ്ങളെയും അതിന്റെ വികസനപരവും സാമ്പത്തികവുമായ പ്രാധാന്യത്തെയും പ്രതിനിധാനം ചെയ്യുന്ന ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട വ്യവസായിക പൈതൃകസ്ഥലം കൂടിയാണിത്.
തുറൈഫിന് കിഴക്ക് ഏകദേശം 25 കിലോമീറ്റർ അകലെ അറേബ്യൻ ഉപദ്വീപിലേക്കുള്ള പുരാതന സഞ്ചാരപാതയും ചരിത്ര ശേഷിപ്പായി ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.