ആദ്യ തവണ അമേരിക്കൻ പ്രസിഡൻറായിരിക്കെ 2017 മെയ് 21ന് റിയാദ് കിങ് അബ്ദുൽ അസീസ് കോൺഫറൻസ് സെൻററിൽ അറബ്-ഇസ്ലാമിക്-അമേരിക്കൻ ഉച്ചകോടിയിൽ പങ്കെടുത്ത ഡോണൾഡ് ട്രംപ് സൗദി ഭരണാധികാരി സൽമാൻ രാജാവിനോടൊപ്പം
റിയാദ്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ വരവേൽക്കാനൊരുങ്ങി സൗദി അറേബ്യയുടെ തലസ്ഥാന നഗരം. റിയാദ് നഗരത്തിെൻറ പ്രധാന വീഥികളിലും സ്ട്രീറ്റുകളിലും സൗദി ദേശീയ പതാകകളോടൊപ്പം അമേരിക്കൻ പതാകകളും ദിവസങ്ങൾക്ക് മുേമ്പ പാറിക്കളിക്കാൻ തുടങ്ങി. രണ്ടാം തവണ പ്രസിഡൻറായ ശേഷം മിഡിൽ ഈസ്റ്റിലേക്കുള്ള ട്രംപിെൻറ ചരിത്രപരമായ ആദ്യ യാത്രക്ക് ചൊവ്വാഴ്ച റിയാദിൽ തുടക്കം കുറിക്കും. വെള്ളിയാഴ്ച വരെ നാല് ദിവസത്തെ യാത്രക്കിടയിൽ സൗദി അറേബ്യയെ കൂടാതെ ഖത്തർ, യു.എ.ഇ രാജ്യങ്ങളും സന്ദർശിക്കും.
ഈ ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തി മധ്യപൂർവേഷ്യലേക്കുള്ള ‘ചരിത്രപരമായ തിരിച്ചുവരവ്’ ആണ് ട്രംപ് ലക്ഷ്യമിടുന്നത്. രണ്ടാം തവണ അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റതിനുശേഷം തെൻറ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എട്ടുവർഷം മുമ്പ് പ്രസിഡൻറ് എന്ന നിലയിൽ തന്റെ ആദ്യ വിദേശസന്ദർശനത്തിനും തെരഞ്ഞെടുത്തത് റിയാദിനെയായിരുന്നു.
ട്രംപ് ചൊവ്വാഴ്ച രാവിലെ റിയാദിലെത്തും. പിന്നീട് പോകുന്നത് ഖത്തറിലേക്കാണ്. ഒടുവിൽ യു.എ.ഇയിലും. തന്ത്രപരമായ സുരക്ഷാ കരാറുകളിലും സാങ്കേതിക, വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിലുമായിരിക്കും സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
റിയാദ് നഗരവീഥികളിൽ സൗദി, അമേരിക്കൻ ദേശീയ പതാകകൾ ഉയർന്നപ്പോൾ
ഗസ്സ, യുക്രെയ്ൻ പ്രശ്നപരിഹാര വിഷയങ്ങളടക്കം ചർച്ചയാവുെമന്ന് കരുതുന്നു. ട്രില്യണുകളുടെ സംയുക്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പുവെക്കാനുമിടയുണ്ട്.
പരമ്പരാഗത പാശ്ചാത്യ സഖ്യകക്ഷികളെ വീണ്ടും മറികടന്ന് ഗൾഫ് രാഷ്ട്രങ്ങൾ സന്ദർശിക്കാനുള്ള ട്രംപിെൻറ തീരുമാനം അവരുടെ വർധിച്ചുവരുന്ന നിർണായകമായ ഭൗമരാഷ്ട്രീയ പങ്കിനെയും ആ രാജ്യങ്ങളുമായുള്ള നല്ല ബന്ധങ്ങളെയും അടിവരയിടുന്നു. പ്രസിഡൻറ് ട്രംപിന് ഗൾഫ് യാത്ര ഒഴിവാക്കാനാവില്ലെന്നും കാരണം അദ്ദേഹത്തിന് ഏറ്റവും സന്തോഷകരമായ സ്ഥലമാണ് അവിടമെന്നും സെൻറർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻറർനാഷനൽ സ്റ്റഡീസിലെ മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഡയറക്ടർ ജോൺ ആൾട്ടർമാൻ പറഞ്ഞു. ഗൾഫ് നാടുകളിലെ അദ്ദേഹത്തിെൻറ ആതിഥേയർ ഉദാരമതികളും ആതിഥ്യ മര്യാദയുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.