കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ

മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിൽ അമീർ മുഹമ്മദ് ബിൻ സൽമാന്റെ പങ്ക് പ്രശംസനീയം -ട്രംപ്

റിയാദ്: മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പങ്ക് പ്രശംസനീയമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപ്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ശറമുശൈഖ് സമാധാന ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കൻ പ്രസിഡന്റ് കിരീടാവകാശിയെ പ്രശംസിച്ചത്. ‘

സൗദി കിരീടാവകാശിക്ക് ഞാൻ നന്ദി പറയുന്നു. അദ്ദേഹം പ്രത്യേക സുഹൃത്താണ്. മധ്യപൂർവദേശ സമാധാന പ്രക്രിയയെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹം നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. അതിൽ പ്രധാന പങ്ക് വഹിക്കുകയും തന്റെ രാജ്യത്തിനായി ശ്രദ്ധേയമായ പ്രവർത്തനം നടത്തുകയും ചെയ്യുന്ന ഒരു പ്രചോദനാത്മക നേതാവാണെന്നും’ അമേരിക്കൻ പ്രസിഡന്റ് കിരീടാവകാശിയെ വിശേഷിപ്പിച്ചു.

ഈജിപ്ഷ്യൻ-അമേരിക്കൻ സഹ അധ്യക്ഷതയിലാണ് ശറമുശൈഖ് സമാധാന ഉച്ചകോടി നടന്നത്. സൗദി കിരീടാവകാശിയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിയിലേക്കുള്ള സൗദി പ്രതിനിധി സംഘത്തെ അദ്ദേഹം നയിച്ചു. ഗസ്സയിലെ യുദ്ധം അവസാനിച്ചതായും മധ്യപൂർവദേശത്ത് സമാധാനം കൈവരിച്ചതായി ട്രംപ് ഉച്ചകോടിയിൽ പറഞ്ഞു.

ശറമുശൈഖ് സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ട്രംപിനൊപ്പം

 ഉച്ചകോടിയുടെ സമാപനത്തിൽ ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ഒപ്പുവെച്ചു. ഗസ്സയിലേക്ക് സഹായത്തിന്റെ തുടർച്ചയായ ഒഴുക്ക് ഉറപ്പാക്കുക, തടവുകാരുടെയും ബന്ദികളുടെയുടെയും കൈമാറ്റം പൂർത്തിയാക്കുക, ഗസ്സയുടെ ഭാവി പുനർനിർമ്മാണത്തിനായി പ്രവർത്തിക്കുക, സമഗ്രമായ വെടിനിർത്തലിലേക്കുള്ള ആദ്യപടിയാണ് ഈ കരാർ പ്രതിനിധീകരിക്കുന്നത്.

വിദേശകാര്യ മന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് അമീർ മുസ്അബ് ബിൻ മുഹമ്മദ് അൽഫർഹാൻ, ഈജിപ്തിലെ സൗദി അംബാസഡർ സാലിഹ് അൽഹുസൈനി, മന്ത്രിയുടെ ഓഫീസിന്റെ ഡയറക്ടർ ജനറൽ വലീദ് അൽസമീൽ, വിദേശകാര്യ മന്ത്രാലയത്തിലെ പ്ലീനിപൊട്ടൻഷ്യറി മന്ത്രി ഡോ. മനാൽ റിദ്‍വാൻ, മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽ യഹ്‍യ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Trump praises Emir Mohammed bin Salman's role in achieving peace and stability in the region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.