ബുറൈദ ഈത്തപ്പഴ മേളയിൽ ആരംഭിച്ച ടൂറിസ്റ്റ് ബസ് സർവിസ്
ബുറൈദ: ബുറൈദ ഈത്തപ്പഴ മേളയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസ്റ്റ് ബസ് സർവിസ് ആരംഭിച്ചു. ബുറൈദയുടെ ചരിത്രവും അതിന്റെ സാംസ്കാരിക, പൈതൃക, സാമ്പത്തിക ലാൻഡ്മാർക്കുകളും പര്യവേക്ഷണം ചെയ്യാനും മേളയോടൊപ്പം നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനും സന്ദർശകർക്ക് അവസരം നൽകുന്നതിനാണിത്.
മേളയുടെ വേദിയായ കിങ് ഖാലിദ് സംസ്കാരിക കേന്ദ്രത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. നഗരത്തിലെ നിരവധി പ്രമുഖ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു. ബുറൈദയെക്കുറിച്ചും ഈത്തപ്പഴങ്ങളുമായും ഈന്തപ്പനകളുമായും ബന്ധപ്പെട്ട സാമൂഹികവും സാമ്പത്തികവുമായ പൈതൃകത്തെക്കുറിച്ചും ചരിത്രപരവും സാംസ്കാരികവുമായ വിവരങ്ങൾ നൽകുന്ന പ്രത്യേക ടൂർ ഗൈഡുകളും സന്ദർശകർക്കൊപ്പമുണ്ട്. വിവിധ രാജ്യക്കാരായ കുടുംബങ്ങൾക്കും സന്ദർശകർക്കും ഇടയിൽ കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ് ഈ സേവനം.
സുഖപ്രദമായ സീറ്റുകളും സമഗ്രമായ സേവനങ്ങളുമുള്ള ബസുകളിൽ യാത്ര ചെയ്യുന്നതിന്റെ സവിശേഷ അനുഭവം പ്രദാനം ചെയ്യുന്നു. ഇത് ടൂറിസം വർധിപ്പിക്കുന്നതിനും ആഗോള ഈത്തപ്പഴ തലസ്ഥാനം എന്ന നിലയിലും സൗദിക്കകത്തും പുറത്തുമുള്ള സന്ദർശകർക്ക് ഒരു ലക്ഷ്യസ്ഥാനം എന്ന നിലയിലും ബുറൈദയുടെ പദവി പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും.
സെപ്റ്റംബർ ഒമ്പത് വരെ തുടരുന്ന മേളയുടെ പ്രവർത്തനങ്ങൾക്ക് ഗുണപരമായ ഒരു കൂട്ടിച്ചേർക്കലാണ് ടൂറിസ്റ്റ് ബസ് പരിപാടി. ടൂറിസം അനുഭവം വൈവിധ്യവത്കരിക്കാനും സാമ്പത്തിക വികസനത്തിൽ പ്രാദേശിക പൈതൃകത്തിന്റെ പങ്ക് സജീവമാക്കാനും ലക്ഷ്യമിടുന്ന സൗദി വിഷൻ 2030-ന് സംഭാവന നൽകിക്കൊണ്ട് സംസ്കാരവും വിനോദവും സമന്വയിപ്പിക്കുന്ന സമഗ്രമായ സംവേദനാത്മക അനുഭവവുമായി സന്ദർശകരെ ബന്ധിപ്പിക്കാൻ ഇത് ശ്രമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.