റിയാദ്: ആഭ്യന്തര പ്രതിസന്ധികൾക്കിടയിൽ വലയുന്ന യമന് ആശ്വാസമായി വീണ്ടും സൗദി അറേബ്യയുടെ വൻ സാമ്പത്തിക സഹായം. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനും ബജറ്റ് കമ്മി നികത്തുന്നതിനുമായി 1,30 കോടി റിയാൽ കൂടി അനുവദിച്ചതായി സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ അറിയിച്ചു. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെയും പ്രത്യേക നിർദേശപ്രകാരമാണ് ഈ നടപടി.
യമനിലെ വികസനത്തിനും പുനർനിർമാണത്തിനുമുള്ള സൗദി പ്രോഗ്രാം (എസ്.ഡി.ആർ.പി.വൈ) വഴിയാണ് ഈ തുക കൈമാറുന്നത്. യമൻ സർക്കാരിന്‍റെ ശമ്പള വിതരണത്തിനുള്ള അടിയന്തര ആവശ്യം പരിഗണിച്ചും, രാജ്യത്തെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താനുമാണ് ഈ ഇടപെടൽ. യമനിലെ സർക്കാർ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, ജനങ്ങൾക്ക് ലഭ്യമാകുന്ന അടിസ്ഥാന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, സാമ്പത്തിക ബാധ്യതകളിൽ നിന്ന് രാജ്യത്തെ കരകയറ്റുക എന്നിവയാണ് ഇതിലൂടെ സൗദി ലക്ഷ്യമിടുന്നത്.
ശമ്പള വിതരണത്തിനായി അടിയന്തര സഹായം നൽകിയ സൗദി ഭരണകൂടത്തിന് യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ തലവൻ ഡോ. റഷാദ് അൽഅലിമി നന്ദി രേഖപ്പെടുത്തി. യമൻ ജനതയോടുള്ള സൗദിയുടെ സാഹോദര്യപരമായ നിലപാടിന്‍റെ തെളിവാണ് ഈ പിന്തുണയെന്ന് അദ്ദേഹം പറഞ്ഞു.
അമീർ ഖാലിദ് ബിൻ സൽമാന്‍റെ നേതൃത്വത്തിലുള്ള സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. സർക്കാർ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലേക്കുള്ള തന്ത്രപരമായ പങ്കാളിത്തത്തിനും ഈ സഹായം വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ്ടെടുക്കലിന്‍റെയും സുസ്ഥിര വികസനത്തിന്‍റെയും പാതയിൽ യമനെ ചേർത്തുപിടിക്കാനുള്ള സൗദി അറേബ്യയുടെ തുടർച്ചയായ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമായി ഈ പുതിയ ധനസഹായം വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.