ജിദ്ദ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റിയിൽ നിന്ന് നാലു പേരെ ഒഴിവാക്കി

ജിദ്ദ: ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റിയിൽ നിന്ന് ചെയർമാൻ അടക്കം നാലു പേരെ ഒഴിവാക്കി. സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ അഹമ്മദ് ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

ഏഴംഗ മാനേജിങ് കമ്മിറ്റിയിൽ നിന്ന് ചെയർമാനായിരുന്ന മുഹമ്മദ്​ ഗസൻഫർ ആലം, അംഗങ്ങളായ ഡോ. അബ്​ദുൽ ബാസിത്​ ബംഗ, ഇക്രമുൽ ബാസിത്​ ഖാൻ, ജഅ്​ഫർ കല്ലിങ്ങപാടം എന്നിവരെയാണ് ഒഴിവാക്കിയത്.

അവശേഷിച്ച മുഹ്​സിൻ ഹുസൈൻ ഖാൻ, അബ്​ദുസത്താർ സമീർ, ഡോ. പ്രിൻസ്​ മുഫ്​തി സിയാഉൽ ഹസൻ എന്നിവരെ നിലനിർത്തി മൂന്നംഗ കമ്മിറ്റിയായി ചുരുക്കിയിരിക്കുകയാണ്. മുഹ്​സിൻ ഹുസൈൻ ഖാൻ ആണ് പുതിയ ചെയർമാൻ.

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ അനുമതിയോടെയാണ് പുതിയ തീരുമാനം. രക്ഷിതാക്കളുടെ വോട്ടെടുപ്പിലൂടെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കുന്ന മാനേജിങ് കമ്മിറ്റിയായിരുന്നു നേരത്തെ നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ 2018ൽ ഇത്തരത്തിൽ നിലവിലുണ്ടായിരുന്ന അന്നത്തെ കമ്മിറ്റിയെ പിരിച്ചുവിട്ടാണ് നോമിനേഷനിലൂടെ നിലവിലെ ഏഴംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നത്.

മൂന്ന് വർഷമാണ് കമ്മിറ്റിയുടെ കാലാവധി. നിലവിലെ കമ്മിറ്റിയുടെ കാലാവധി തീരാൻ ഇനിയും ഒന്നര വർഷം ബാക്കിയുണ്ട്. വർഷങ്ങളോളം സ്‌കൂളിൽ പ്രിൻസിപ്പലായിരുന്നയാളെ പെട്ടെന്ന് പിരിച്ചുവിട്ടതുമായും സ്​കൂളിലെ ഹൈസ്‌കൂൾ ഹെഡ് മാസ്​റ്ററെ സാധാരണ അധ്യാപകനായി ഈയിടെ തരം താഴ്ത്തിയതുമായി ബന്ധപ്പെട്ടും നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.