നിയമക്കുരുക്കിലായ മലയിൻകീഴ് സ്വദേശിനിക്ക് തിരുവനന്തപുരം കൂട്ടായ്മയുടെ സഹായം ചെയർമാൻ രവി കാരക്കോണം കൈമാറുന്നു
റിയാദ്: സ്പോൺസർഷിപ് മാറ്റുന്നതിനിടെ നിയമകുരുക്കിലായ മലയിൻകീഴ് സ്വദേശിനിയായ യുവതിക്ക് റിയാദിലെ തിരുവനന്തപുരം പ്രവാസി കൂട്ടായ്മയായ (ട്രിവ) തുണയായി. നാട്ടിലേക്ക് മടങ്ങാൻ പോലും പണമില്ലാതിരുന്ന യുവതിക്ക് വിമാന ടിക്കറ്റും യാത്രാസൗകര്യവുമാണ് നൽകിയത്.
റിയാദിലെ സുലൈയിലെ ഒരു ക്ലിനിക്കിൽ ജോലിക്ക് ചേരാനെത്തിയ യുവതി സ്പോൺസർഷിപ് അവിടേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് പഴയ സ്പോൺസർ ഫൈനൽ എക്സിറ്റ് അടിച്ചിരിക്കുകയാണെന്ന് മനസ്സിലായത്. അതോടെ ജോലിയിൽ തുടരാനോ സ്പോൺസർഷിപ് മാറ്റാനോ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് വിവിധ ആളുകൾ ജോലി വാഗ്ദാനം ചെയ്തെങ്കിലും, എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സ്ഥിതിയിലായതിനാൽ ഒന്നിനും കഴിയാതെ ദുരിതത്തിലായി. ഇതോടെ യുവതി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും പണമില്ലാത്തതിനാൽ ടിക്കറ്റെടുക്കാനും കഴിഞ്ഞില്ല. ഈ വിവരം അസ്ലം പാലത്ത് ട്രിവ പ്രസിഡന്റ് നാസർ കല്ലറയെ അറിയിച്ചു. അദ്ദേഹം വിഷയം ഉടൻ തന്നെ ട്രിവ കൂട്ടായ്മയിൽ അറിയിച്ചു.
ട്രിവ ചെയർമാൻ രവി കാരക്കോണം യുവതിക്ക് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റും വിമാനത്താവളത്തിലേക്കുള്ള യാത്രാ സൗകര്യവും നൽകാൻ തയാറായി. സെക്രട്ടറി ശ്രീലാൽ സുഗതകുമാർ, സഹിൻ ഷാ, സുരേഷ് എന്നിവരും സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു. വിമാന ടിക്കറ്റിന് പുറമെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള അത്യാവശ്യ സാധനങ്ങളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.