റിയാദ്: യുദ്ധക്കെടുതിയിൽ വലയുന്ന ഗസയുൾപ്പെടെയുള്ള ഫലസ്തീൻ മേഖലകൾക്ക് ആശ്വാസമേകി സൗദി അറേബ്യയുടെ മാനുഷിക സഹായങ്ങൾ വിപുലമായി തുടരുന്നു. ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനായി രാജ്യം ഇതുവരെ നൽകിയ ആകെ ധനസഹായം 53.2 കോടി ഡോളർ (ഏകദേശം 4,400 കോടിയിലധികം രൂപ) പിന്നിട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഗസയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം കണക്കിലെടുത്ത്, അവിടേക്കുള്ള സഹായ പാതകൾ വിപുലീകരിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ തടസ്സമില്ലാതെ സഹായങ്ങൾ എത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നിലവിൽ ഭക്ഷണം, മരുന്ന്, പാർപ്പിട സൗകര്യങ്ങൾ എന്നിവയുമായി ആയിരക്കണക്കിന് ട്രക്കുകളും വിമാനങ്ങളും കപ്പലുകളും ഗസയിലേക്ക് തുടർച്ചയായി സർവിസ് നടത്തുന്നുണ്ട്.
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റീലീഫ് സെൻററിന്റെ (കെ.എസ് റിലീഫ്) നേതൃത്വത്തിലാണ് വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തെക്കൻ ഗസയിലെ അൽ-ഖരാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അത്യാവശ്യ ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം മധ്യ ഗസയിലേക്ക് പുതിയ സഹായ വാഹനവ്യൂഹം എത്തിയതിന് പിന്നാലെ, ജനുവരി പകുതിയോടെ ഭക്ഷ്യവസ്തുക്കളും കൂടാരങ്ങളുമായി കൂടുതൽ സൗദി റിലീഫ് വിമാനങ്ങൾ ഗസയിലെത്തി വിതരണം പൂർത്തിയാക്കിയിരുന്നു. പൊതുജനസമാഹരണ ക്യാമ്പയിനിലൂടെ ലഭിക്കുന്ന പിന്തുണ കൂടി ഉൾപ്പെടുത്തിയാണ് സൗദി ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്. ഫലസ്തീൻ ജനതയുടെ അതിജീവനത്തിനായി സാധ്യമായ എല്ലാ പിന്തുണയും വരും ദിവസങ്ങളിലും തുടരുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.