നാട്ടിലേക്ക് മടങ്ങും മുമ്പ് ഭാരതി സാമൂഹികപ്രവർത്തകരായ മഞ്ജുവിനും വെങ്കിടേഷിനുമൊപ്പം
ദമ്മാം: വിസ സംബന്ധമായ നിയമപ്രശ്നങ്ങളിൽ കുരുങ്ങിയ ആന്ധ്ര സ്വദേശിനിയായ വീട്ടുജോലിക്കാരി നാട്ടിലേക്ക് മടങ്ങി. നവയുഗം സാംസ്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെയാണ് നിയമക്കുരുക്കുകൾ കഴിച്ചു നാട്ടിലേക്ക് മടങ്ങിയത്.
ആന്ധ്ര സ്വദേശിനിയായ ഭാരതി ഒരു വർഷം മുമ്പാണ് വീട്ടുജോലി വിസയിൽ ഖത്തറിൽ വന്നത്. പിന്നീട് സ്പോൺസർ ഭാരതിയെ വിസിറ്റിങ് വിസയിൽ സൗദി അറേബ്യയിലെ നാരിയ എന്ന സ്ഥലത്ത് കൊണ്ടുവന്നു.
അവിടെ വീട്ടിൽ ജോലിക്ക് നിർത്തിയ ഭാരതിയുടെ വിസിറ്റിങ് വിസ കൃത്യസമയത്ത് പുതുക്കാൻ സ്പോൺസർ വിട്ടു പോയി. വിസയുടെ സാധുത അവസാനിക്കുകയും ഭാരതി നിയമവിരുദ്ധമായി തങ്ങുന്ന സന്ദർശകയായി മാറി നാട്ടിൽ പോകാനാവാതെ സൗദിയിൽ കുടുങ്ങി.
നാട്ടിൽ പോകണമെന്ന് ഭാരതി നിരന്തരം ആവശ്യപ്പെടുകയും വിസ തീർന്നതിന്റെ വലിയ പിഴ അടക്കാൻ കഴിയാത്തതിനാൽ സ്പോൺസർ നാരിയയിലെ ഇന്ത്യൻ സാമൂഹിക പ്രവർത്തകൻ അൻസാരിയുടെ സഹായം തേടി. പാസ്പോർട്ട് കളഞ്ഞുപോയെന്നാണ് പറഞ്ഞത്. അൻസാരി നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. തുടർന്ന് മഞ്ജു ദമ്മാമിലെ തന്റെ വീട്ടിൽ ഭാരതിക്ക് അഭയം നൽകുകയും നാട്ടിൽ അയക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
തുടർന്ന് ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചു. ഭാരതിയുടെ കേസിൽ ഇടപെടാൻ എംബസി മഞ്ജുവിന് അധികാരപത്രം നൽകുകയും, നാട്ടിലേക്ക് മടങ്ങാൻ ഔട്ട്പാസ്സ് നൽകുകയും ചെയ്തു. തുടർന്ന് മഞ്ജു ഭാരതിയെ ഡീപോർട്ടേഷൻ സെൻററിൽ കൊണ്ടുപോയി, തമിഴ് സാമൂഹികപ്രവർത്തകനായ വെങ്കിടേഷിന്റെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങി. ഫൈൻ അടക്കാതെ തന്നെ ഭാരതിക്ക് എക്സിറ്റ് തരപ്പെടുത്താൻ മഞ്ജുവിന് കഴിഞ്ഞു. നിയമനടപടികൾ പൂർത്തിയായതിനെത്തുടർന്ന് എല്ലാവർക്കും നന്ദി പറഞ്ഞു ഭാരതി നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.