റിയാദിൽ നിന്ന് ജിദ്ദയിലേക്ക് പറന്ന ഫ്ലൈ അദീൽ വിമാനത്തിലെ പൈലറ്റ് ഉൾപ്പടെയുള്ള ജീവനക്കാർ

പെൺചിറകുകളിൽ സൗദി വിമാനം പറന്നുയർന്നത് ചരിത്രത്തിലേക്ക്

റിയാദ്: പെൺചിറകുകൾ വിരിച്ച് സൗദിയിലൊരു വിമാനം പറന്നുയർന്നത് ചരിത്രത്തിലേക്ക്. ഫ്ലൈ ഡീൽ എന്ന കമ്പനിയുടെ വിമാനം ഞായറാഴ്ച റിയാദിൽനിന്ന് പറന്നുയരുമ്പോൾ പൈലറ്റും സഹപൈലറ്റും സഹജീവനക്കാരുമെല്ലാം വനിതകളായിരുന്നു.

ആൺകരുത്തിന്‍റെ കരുതലോ, കാവലോ വേണ്ടാതെ നിർഭയം പെൺകൂട്ടം വിമാനം പറത്തി ലക്ഷ്യ സ്ഥാനമായ ജിദ്ദ വിമാനത്താവളത്തിലിറങ്ങിയപ്പോൾ ചരിത്രത്തിലേക്കുള്ള ലാൻഡിങ്ങായി. സൗദിയുടെ വ്യോമയാന ചരിത്രത്തിൽ പുതിയ റെക്കോഡിട്ട് ഫ്ലൈ അദീൽ എ-320 വിമാനം ടേക്ക് ഓഫും ലാൻഡിങ്ങും നടത്തുമ്പോൾ ബാക്കിയായ കൗതുകങ്ങളും ഏറെ.

സഹ പൈലറ്റിന്‍റെ സീറ്റിലിരുന്നത് 21 വയസ്സുകാരിയായ യാര ജാൻ. ഏറെ മോഹിച്ച പൈലറ്റ് റോളിലിരുന്ന് ആകാശപേടകത്തെ നിയന്ത്രിക്കാൻ നിയുക്തയായപ്പോൾ അതിങ്ങനെയൊരു ചരിത്രദൗത്യം തന്നെ ആയി മാറിയതിൽ അവർ വലിയ ആഹ്ലാദത്തിലാണ്. പുരുഷന്മാർ ആധിപത്യം പുലർത്തിയിരുന്ന വ്യോമയാനം ഉൾപ്പെടെയുള്ള മേഖലയിലേക്ക് സധൈര്യം കടന്നുവരാൻ കഴിയുമെന്ന് സൗദി വനിതകൾ തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവം.

ചരിത്രപരമായ ഈ ദൗത്യത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് യാര ജാൻ പ്രതികരിച്ചു. ഒരു സൗദി യുവതി എന്ന നിലയിൽ അഭിമാനകരമായ ചുവടുവെപ്പിലൂടെ എന്‍റെ രാജ്യത്തെ നയിക്കാൻ ശ്രമിക്കുകയാണ് എന്നതിൽ അതിയായ സന്തോഷമാണുള്ളത്. യു.എസിലെ ഫ്ലോറിഡയിലുള്ള ഫ്ലൈറ്റ് സ്കൂളിൽ നിന്ന് 2019ൽ ബിരുദം നേടിയ ജാൻ ഒരു വർഷം മുമ്പാണ് സൗദിയിലെ ഈ സ്വകാര്യ വിമാനകമ്പനിയിൽ ചേർന്നത്.

മികച്ച നേട്ടങ്ങളുടെ ചക്രവാളങ്ങൾ തൊടാൻ രാജ്യവും ഭരണാധികാരികളും നൽകുന്ന പിന്തുണ അവിസ്മരണീയമാണെന്ന് ജാൻ കൂട്ടിച്ചേർത്തു. സൗദിയിൽ കോമേഴ്‌സ്യൽ പൈലറ്റ് ലൈസൻസോടെ വിമാനം പറത്തിയ ആദ്യ വനിതാപൈലറ്റ് കാപ്റ്റൻ ഹനാദി സക്കറിയ അൽഹിന്ദിയാണ്. അത് ഒന്നര പതിറ്റാണ്ട് മുമ്പായിരുന്നു. ഹനാദിയുടെ പിന്മുറക്കാരായി ഇപ്പോൾ സൗദിയിൽ നിരവധി വനിതാ പൈലറ്റുകളുണ്ട്.

Tags:    
News Summary - The women-only controlled plane flew into history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.