ജിദ്ദ: സംസ്ഥാനം ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള കടബാധ്യതയും സർക്കാറിന്റെ ഭരണപരാജയങ്ങളും ദുർഭരണവും ചർച്ച ചെയ്യാനനുവദിക്കാതെ, ന്യൂനപക്ഷ–ഭൂരിപക്ഷ വോട്ടുകൾ ധ്രുവീകരിക്കാൻ ഒരേസമയം വേട്ടക്കാരനും ഇരയുടെ രക്ഷകനുമായി അഭിനയിച്ച സി.പി.എമ്മിന്റെ കപട വർഗീയ രാഷ്ട്രീയത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസ്താവിച്ചു.
ജനജീവിതം ദുസ്സഹമാക്കിയ എല്ലാ മേഖലകളിലുമുള്ള പിണറായി സർക്കാറിന്റെ പരാജയവും, സി.പി.എമ്മിന്റെ രഹസ്യ സംഘ്പരിവാർ ബാന്ധവവും കേരള സമൂഹം തിരിച്ചറിഞ്ഞ് ബാലറ്റിലൂടെ ശക്തമായി പ്രതികരിച്ചിരിക്കുകയാണെന്ന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ. അബ്ദുൽ റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി വി.പി. മുസ്തഫ എന്നിവർ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്വന്തം പാർട്ടി നേതാക്കളുടെ ലൈംഗിക വിവാദങ്ങളും അഴിമതികളും മറച്ചുവെച്ച്, പണമിറക്കി അതിജീവിതകളെ പ്രതിഷ്ഠിച്ചു മറ്റുള്ളവർക്കെതിരെ അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണങ്ങൾ ഉയർത്തി കേരള സമൂഹത്തെ എന്നും തളച്ചിടാമെന്ന് സി.പി.എം കരുതേണ്ട. യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്ന് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കുമെന്ന് കെ.എം.സി.സി നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശബരിമല, സ്വർണക്കടത്ത്, വഖഫ് പ്രശ്നങ്ങൾ തുടങ്ങിയവ മൂലം വിശ്വാസികളുടെ മനസ്സിൽ പറ്റിയ മുറിവുകൾ സി.പി.എമ്മിനെതിരെ ശക്തമായ ജനവിധിയായി മാറിയതായും കമ്മിറ്റി ചൂണ്ടിക്കാട്ടി. യു.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ച എല്ലാ മതേതര, ജനാധിപത്യ വിശ്വാസികൾക്കും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ഹൃദയപൂർവമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.