അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദിയിലെത്തിയ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദിനെ മക്ക ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ സ്വീകരിക്കുന്നു.
റിയാദ്: 32-ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ-അസദ് ജിദ്ദയിലെത്തി. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അസദിനെ മക്ക ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ സ്വീകരിച്ചു. ഒരു പതിറ്റാണ്ടിലധികം അറബ് സഖ്യത്തിന് പുറത്ത് നിർത്തപ്പെട്ട സിറിയൻ പ്രസിഡന്റിനെ അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൽമാൻ രാജാവ് ക്ഷണിച്ചിരുന്നു. 2011 ൽ അറബ് ലീഗിലെ അംഗത്വം സസ്പെൻഡ് ചെയ്തതിന് ശേഷം സിറിയ ആദ്യമായി പങ്കെടുക്കുന്ന ഉച്ചകോടിയാണിത്.
ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് അൽ അസദ് ജിദ്ദയിലേക്ക് പോകുകയാണെന്ന് സിറിയൻ പ്രസിഡൻസി ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ഉച്ചകോടിയിൽ അസദിന്റെ പങ്കാളിത്തം സ്ഥിരീകരിച്ച സിറിയൻ പ്രസിഡൻസി ഉപദേഷ്ടാവ് അബ്ദുൽ ഖാദർ അസൂസ്, സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ അറബ് ലീഗിന്റെ പങ്ക് പ്രാധാനമാണെന്ന് പറഞ്ഞു.
സിറിയയെ അറബ് സഖ്യത്തിലേക്ക് തിരികെ കൊണ്ടുവന്നതിൽ സൗദി അറേബ്യയുടെ പങ്ക് വലുതാണെന്ന് പറഞ്ഞ ഉപദേഷ്ടാവ്, അറബ് ലീഗിൽ അതിന്റെ സ്ഥാനം പുനഃസ്ഥാപിക്കുന്നതിനും പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും തങ്ങളുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും സൗദി നടത്തുന്ന ശ്രമങ്ങളെ ദമാസ്കസ് വളരെ സംതൃപ്തിയോടെയാണ് വീക്ഷിക്കുന്നതെന്ന് വ്യക്‌തമാക്കി. വിദേശകാര്യ മന്ത്രി ഫൈസൽ മിഖ്ദാദിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ജിദ്ദയിലെത്തിയ സിറിയൻ പ്രതിനിധി സംഘം ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിമാരുടെ ദ്വിദിന തയ്യാറെടുപ്പ് യോഗത്തിൽ പങ്കെടുത്തിരുന്നു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയ മിഖ്ദാദ് ഇരുരാജ്യത്തെയും എംബസികൾ വൈകാതെ തുറന്ന് പ്രവർത്തനമാരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മേഖലയുടെ സുസ്ഥിരതക്കും ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും ഉറപ്പ് വരുത്തുന്നതിനും അറബ് സഹോദരങ്ങൾ നടത്തുന്ന എല്ലാ ശ്രമങ്ങളിലും സിറിയ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.