‘ക്വാളിറ്റി ഓഫ് ലൈഫ്’ പ്രോഗ്രാമിലൂടെ അസാധാരണ സാമ്പത്തിക മുന്നേറ്റം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ‘വിഷൻ 2030’ പദ്ധതികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്ന ‘ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം’ 2025-ലെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടു. പ്രോഗ്രാമി​െൻറ കീഴിലുള്ള വിവിധ സംരംഭങ്ങൾ മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളെക്കാൾ ഏറെ മുന്നിലായ അസാധാരണമായ നേട്ടങ്ങളാണ് ഇത്തവണ കൈവരിച്ചിരിക്കുന്നത്.

 

റിപ്പോർട്ട് പ്രകാരം, പ്രോഗ്രാമി​െൻറ ലോക്കൽ കണ്ടെൻറ്​ അഥവാ ആഭ്യന്തര ഉത്പാദന സംരംഭങ്ങൾ 2025 അവസാനത്തോടെ 44 ശതമാനത്തിലെത്തി. 37 ശതമാനം എന്ന നിശ്ചിത ലക്ഷ്യത്തെയാണ് ഇതിലൂടെ മറികടന്നത്. രാജ്യത്തി​െൻറ എണ്ണയിതര വരുമാനത്തിലേക്ക് പ്രോഗ്രാം നൽകിയ സംഭാവനയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 9.65 ബില്യൺ റിയാൽ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 20.596 ബില്യൺ റിയാലായി ഇത് ഉയർന്നു. കൂടാതെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് (ജിഡിപി) 77.1 ബില്യൺ റിയാൽ സംഭാവന ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, ലക്ഷ്യവും മറികടന്ന് 78 ബില്യൺ റിയാൽ കൈവരിക്കാൻ ഈ പ്രോഗ്രാമിനായി.

 

സ്വകാര്യ നിക്ഷേപ മേഖലയിലും വലിയ മുന്നേറ്റമാണ് റിപ്പോർട്ടിലുള്ളത്. സർക്കാർ ഇതര നിക്ഷേപങ്ങളിലേക്കുള്ള പ്രോഗ്രാമി​െൻറ സംഭാവന 21.8 ബില്യൺ റിയാലിൽ എത്തിക്കാൻ സാധിച്ചു. ഇത് 2018-ലെ അടിസ്ഥാന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 10.9 മടങ്ങിലധികം വർദ്ധനവാണ് കാണിക്കുന്നത്. രാജ്യത്തി​െൻറ സാമ്പത്തിക-വികസന മേഖലകളിൽ വലിയ ചലനമുണ്ടാക്കിക്കൊണ്ട് 2025 അവസാനത്തോടെ 387,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാൻ പ്രോഗ്രാമിന് സാധിച്ചിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 6.35 ശതമാനത്തി​െൻറ വാർഷിക വളർച്ചയാണ് തൊഴിൽ രംഗത്ത് രേഖപ്പെടുത്തിയത്.

 

കേവലം ഒരു സേവന-ജീവന നിലവാര സങ്കൽപ്പത്തിനപ്പുറം, രാജ്യത്തി​െൻറ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും നിക്ഷേപങ്ങളെ ആകർഷിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാനും സഹായിക്കുന്ന ശക്തമായ സാമ്പത്തിക ചാലകശക്തിയായി ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം മാറിയെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. പ്രാദേശികമായും ആഗോളതലത്തിലും സൗദി അറേബ്യയുടെ പദവി ഉയർത്താൻ ഇത് വലിയ സംഭാവനയാണ് നൽകുന്നത്.

 

ഭരണനേതൃത്വത്തി​െൻറ കൃത്യമായ പിന്തുണയും വിവിധ വകുപ്പുകളുടെ ഏകോപിത ശ്രമങ്ങളും മുൻനിർത്തി, 2025-ൽ കൈവരിച്ച ഈ ചരിത്ര നേട്ടങ്ങളെ സൗദി മന്ത്രിസഭ പ്രത്യേകം പ്രശംസിച്ചു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തൽ, സാംസ്കാരിക, വിനോദ, കായിക മേഖലകളുടെ പുരോഗതി എന്നിവയിലൂടെ വിഷൻ 2030-​െൻറ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ പ്രോഗ്രാം മികച്ച പങ്കാണ് വഹിച്ചതെന്ന് മന്ത്രിസഭ വിലയിരുത്തി.

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഒതുങ്ങാതെ, രാജ്യത്തി​െൻറ സാമ്പത്തിക വളർച്ചയെയും വൈവിധ്യവത്കരണത്തെയും നേരിട്ട് ശക്തിപ്പെടുത്തുന്ന ഒരു പ്രധാന സാമ്പത്തിക സ്രോതസ്സായി ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം മാറിയെന്നാണ് 2025-ലെ ഈ മികച്ച പ്രകടനം അടിവരയിടുന്നത്.

Tags:    
News Summary - Extraordinary economic progress through the 'Quality of Life' program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.