ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിലുള്ള പ്രവാസി സേവന കേന്ദ്രം@ജിദ്ദയുടെ നോർക്ക ഐഡി കാർഡ് വിതരണോദ്ഘാടനം മാധ്യമ പ്രവർത്തകൻ മുസാഫിർ, വഹാബ് വേങ്ങൂരിന് നൽകി നിർവഹിക്കുന്നു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘പ്രവാസി സേവന കേന്ദ്രം’ മുഖേന കേരള സർക്കാറിന്റെ നോർക്ക ഐ.ഡി കാർഡ് പ്രചാരണ മാസം സംഘടിപ്പിച്ചു. ജൂൺ 15 മുതൽ ജൂലൈ 15 വരെ സംഘടിപ്പിച്ച പ്രത്യേക കാമ്പയിനിൽ ലഭിച്ച മുഴുവൻ അപേക്ഷകർക്കും നോർക്ക ഐ.ഡി കാർഡുകൾ വിതരണം ചെയ്തു.
കാർഡ് വിതരണോദ്ഘാടനം മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ മുസാഫിർ, വഹാബ് വേങ്ങൂരിന് നൽകി നിർവഹിച്ചു. പല തരത്തിലുള്ള ജീവിത ക്ലേശങ്ങളും സമ്മർദങ്ങളും അതിജീവിക്കാൻ പ്രവാസികൾക്ക് കരുത്ത് പകരുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ സേവന കേന്ദ്രം പ്രശംസനീയമായ ചുവടുവെപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എം. ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. വി.പി. ഫൈസൽ മക്കരപ്പറമ്പ്, ഇസ്മായിൽ കൂരിപ്പൊയിൽ, കമാൽ കളപ്പാടൻ, സാജു റിയാസ്, ഉസ്മാൻ മേലാറ്റൂർ എന്നിവർ സംസാരിച്ചു. ഗഫൂർ വണ്ടൂർ സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. കാമ്പയിൻ ആരംഭിച്ചത് മുതൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രവാസികൾ നോർക്ക ഐ.ഡി കാർഡിനായി പ്രവാസി സേവന കേന്ദ്രത്തെ സമീപിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ, ആവശ്യമായ രേഖകൾ ക്രമീകരിക്കൽ, ഓൺലൈൻ രജിസ്ട്രേഷൻ, അപേക്ഷ സമർപ്പിക്കൽ, തുടർനടപടികൾ എന്നിവയിൽ പ്രവർത്തകർ സൗജന്യമായി സഹായവും പിന്തുണയും നൽകി.
ഒരു മാസത്തിനുള്ളിൽ ലഭിച്ച മുഴുവൻ അപേക്ഷകളും സമയബന്ധിതമായി പൂർത്തീകരിച്ച് എല്ലാ അപേക്ഷകർക്കും നോർക്ക ഐഡി കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞത് കാമ്പയിനിെൻറ ഏറ്റവും വലിയ നേട്ടമാണെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രവാസികൾക്ക് കാര്യക്ഷമവും വിശ്വാസ്യതയുള്ളതുമായ സേവനം ഉറപ്പാക്കാൻ കഴിഞ്ഞത് പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിെൻറ ഫലമാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. കേരള സർക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികളിലേക്കും വിവിധ ആനുകൂല്യങ്ങളിലേക്കും പ്രവേശനം സുഗമമാക്കുന്നതിൽ നോർക്ക ഐഡി കാർഡിന് വലിയ പ്രാധാന്യമുണ്ട്. ഈ ബോധവൽകരണ സന്ദേശം കൂടുതൽ പ്രവാസികളിലേക്ക് എത്തിക്കാൻ കാമ്പയിൻ വഴി സാധിച്ചതായും കമ്മിറ്റി വിലയിരുത്തി.
സംരംഭത്തിെൻറ വിജയത്തിനായി പ്രവർത്തിച്ച പ്രവാസി സേവന കേന്ദ്രത്തിെൻറ മുഴുവൻ പ്രവർത്തകർക്കും, ആവശ്യമായ സഹകരണവും പിന്തുണയും നൽകിയ നോർക്ക അധികൃതർക്കും, കാമ്പയിൻ വിജയിപ്പിക്കാൻ ഒപ്പം നിന്ന എല്ലാ സന്നദ്ധ പ്രവർത്തകർക്കും, വിശ്വാസമർപ്പിച്ച് സേവനം സ്വീകരിച്ച മുഴുവൻ പ്രവാസി സഹോദരങ്ങൾക്കും ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി നന്ദിയും അഭിനന്ദനവും അറിയിച്ചു. പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘പ്രവാസി സേവന കേന്ദ്രം@ജിദ്ദ’ മുഖേന നോർക്ക സേവനങ്ങൾ, അറ്റസ്റ്റേഷൻ, രേഖാ സംബന്ധമായ മാർഗനിർദേശങ്ങൾ, ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട സഹായങ്ങൾ തുടങ്ങി വിവിധ സേവനങ്ങൾ ഇനിയും കൂടുതൽ വിപുലപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.