ദമ്മാം: പ്രവാസത്തിെൻറ വിരസതകളെ ബഹുമുഖ പ്രതിഭകൊണ്ട് മറികടന്ന കലാകാരിയാണ് ദമ്മാമിൽ പ്രവാസിയായ കണ്ണൂർ സ്വദേശിനി ചൈതന്യ ഷിനോജ്. ഒരു പതിറ്റാണ്ടിലേറെയായി സൗദിയിലുള്ള ചൈതന്യ, ജന്മസിദ്ധമായ ചിത്രരചനക്ക് ജീവൻ നൽകിയതും പ്രവാസത്തിെൻറ വഴിത്തിരിവുകളിലാണ്. സ്കൂൾ കാലഘട്ടത്തിലെ മത്സരങ്ങളിലെല്ലാം സമ്മാനങ്ങൾ നേടി പ്രതിഭ തെളിയിച്ചിട്ടും, ഒരു ചിത്രകാരിയായി വളർന്നുവരാൻ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. പിന്നീട് ഉപരിപഠനത്തിെൻറ തിരക്കുകളിലേക്ക് മാറിയതോടെ വരയുടെ ലോകം താൽകാലികമായി വഴിമാറി.
ചൈതന്യ ഷിനോജ് ചിത്രരചനയിൽ, അവരുടെ കാലിഗ്രാഫി, പെയിൻറിങ്
വിവാഹശേഷം ഭർത്താവുമൊത്ത് സൗദിയിലേക്ക് എത്തിയതാണ് കലാജീവിതത്തിൽ പുനർജനിയായത്. ഫ്ലാറ്റിലെ ഏകാന്തമായ പകലുകളെ സർഗാത്മകമാക്കാൻ തെൻറ പഴയ സ്വപ്നങ്ങളെ തിരികെവിളിച്ചു. ഡ്രോയിങ് ബുക്കിൽനിന്ന് കാൻവാസിലേക്ക് മാറിയതോടെ ഉള്ളിൽ ഉറങ്ങിക്കിടന്ന കഴിവുകൾ അത്യപൂർവ സൃഷ്ടികളായി രൂപംകൊണ്ടു.
വൈകാതെ തന്നെ ചുറ്റുമുള്ളവർ ചൈതന്യയിലെ ചിത്രകാരിയെ തിരിച്ചറിഞ്ഞു. പ്രോത്സാഹനങ്ങൾ കൂടിയായതോടെ വാട്ടർ കളർ, അക്രിലിക്, ഓയിൽ പെയിൻറിങ്, കോഫി പെയിൻറിങ് തുടങ്ങി വിവിധ മാധ്യമങ്ങളിൽ ശ്രദ്ധേയമായ ചിത്രങ്ങൾ അവർ ഒരുക്കി. ഇതിനുപുറമേ, സൗദിയിൽ ആദ്യമായി ലൈവ് സാൻഡ് ആർട്ട് (മണൽ ശില്പം) ഷോ അവതരിപ്പിച്ച വനിത എന്ന അപൂർവ നേട്ടവും സ്വന്തമാക്കി. കോവിഡ് കാലത്തെ ലോക്ഡൗൺ പ്രതിസന്ധികളെയും ചൈതന്യ സർഗാത്മകമായാണ് നേരിട്ടത്. കൃത്രിമ പൂക്കൾ കൊണ്ടുള്ള ഓണപ്പൂക്കളങ്ങൾ, ക്രിസ്മസ് സ്റ്റാർ നിർമാണം, വ്യത്യസ്ത രൂപങ്ങളിലുള്ള മെഴുകുതിരികൾ, ബോട്ടിൽ ആർട്ട് തുടങ്ങിയ ക്രാഫ്റ്റ് വർക്കുകളിലൂടെ വിരസമായ കാലഘട്ടത്തെ അവർ മനോഹരമാക്കി മാറ്റി.
പ്രവാസലോകത്തുനിന്ന് ലഭിച്ച പിന്തുണ ചിത്രരചനയിൽ മാത്രമല്ല, സംഗീതത്തിലും അഭിനയത്തിലും ഒരു കൈ നോക്കാൻ പ്രചോദനമായി. സൗദി മലയാളി സമാജത്തിെൻറ സാഹിത്യ ക്യാമ്പിൽ പ്രശസ്ത എഴുത്തുകാരുടെ ക്യാരിക്കേച്ചറുകൾ വരച്ച് പ്രദർശിപ്പിക്കാനും അവസരം കിട്ടി. എഴുത്തും വായനയുമാണ് മറ്റൊരു പ്രിയപ്പെട്ട മേഖല. ചിത്രങ്ങളിൽ നിറങ്ങൾ സംസാരിക്കുന്നതുപോലെ, എഴുത്തിലൂടെ വികാരങ്ങൾക്ക് ജീവൻ പകരാനും അവർക്ക് സാധിക്കുന്നു. കലയിൽ മാത്രമല്ല, പാചകരംഗത്തും കൈപ്പുണ്യം തെളിയിച്ചിട്ടുള്ള ഇവർ നിരവധി സംഘടനകളുടെ പാചക മത്സരങ്ങളിലും കുട്ടികളുടെ കളറിങ് മത്സരങ്ങളിലും വിധികർത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
‘നിറങ്ങൾ വെറും ചായങ്ങളല്ല, മനസിെൻറ ഭാഷയാണ്’ എന്ന് വിശ്വസിക്കുന്ന ചൈതന്യക്ക് കല വെറുമൊരു വിനോദമല്ല, മറിച്ച് ജീവിതയാത്രയുടെ ഹൃദയസ്പന്ദനമാണ്. ഓരോ കാൻവാസിലും ആത്മാവിെൻറ ഒരു ഭാഗമാണ് അവർ പകർത്തിവെക്കുന്നത്. കുടുംബകാര്യങ്ങൾക്കൊപ്പം തന്നെ കലയ്ക്കും തുല്യ പ്രാധാന്യം നൽകിയാണ് ഈ കലാപ്രതിഭ മുന്നോട്ട് പോകുന്നത്.
കണ്ണൂർ സ്വദേശികളായ പവിത്രൻ–വത്സല ദമ്പതികളുടെ മൂത്തമകളാണ് ചൈതന്യ. കഴിഞ്ഞ 10 വർഷമായി കുടുംബത്തോടൊപ്പം സൗദി അറേബ്യയിലാണ് താമസം. ഭർത്താവ് ഷിനോജ് സൗദിയിലെ പ്രമുഖ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്നു. മൂന്നാം ക്ലാസ് വിദ്യാർത്ഥി ആയുഷും, യു.കെ.ജി വിദ്യാർഥി ഇഷാനുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.