റിയാദ്: ആഗോള തീർഥാടകർക്ക് ഏറെ ആശ്വാസമേകുന്ന പുതിയ പരിഷ്കാരവുമായി സൗദി അറേബ്യ. ഒരു വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസകൾ രാജ്യം അനുവദിച്ചു തുടങ്ങി. ജൂലൈ 19 മുതലാണ് പുതിയ വിസകൾ നൽകിത്തുടങ്ങിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുതിയ വിസ സംവിധാനം നിലവിൽ വന്നതോടെ തീർഥാടകർക്ക് ഒരു വർഷത്തിനിടയിൽ പലതവണ സൗദി സന്ദർശിക്കാനും ഉംറ നിർവഹിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്.
സൗദി വിഷൻ 2030-െൻറയും പിൽഗ്രിംസ് സർവിസ് പ്രോഗ്രാമിെൻറയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി, തീർഥാടകരുടെ വരവ് കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം നടപ്പാക്കിയിരിക്കുന്നത്. ഉംറ വിസയുടെ കാലാവധി നേരത്തെയുണ്ടായിരുന്ന 30 ദിവസത്തിൽനിന്ന് 90 ദിവസമായി ദീർഘിപ്പിച്ചിട്ടുണ്ട്. ഈ പുതിയ മൾട്ടിപ്പിൾ എൻട്രി വിസ ഉപയോഗിച്ച് ഒരു വർഷത്തെ മൊത്തം കാലാവധിക്കുള്ളിൽ പരമാവധി 90 ദിവസം വരെയാണ് രാജ്യത്ത് തങ്ങാൻ അനുമതിയുള്ളത്. ഓരോ തവണയും സൗദിയിൽ ചെലവഴിക്കുന്ന ദിവസങ്ങൾ ഈ ആകെ അനുവദിക്കപ്പെട്ട 90 ദിവസത്തിൽനിന്ന് കുറവ് ചെയ്യപ്പെടും.
വിസ നേടുന്നതിനായി അപേക്ഷകർ ഉംറ സർവിസ് പാക്കേജും വിമാന ടിക്കറ്റും നിർബന്ധമായും എടുത്തിരിക്കണം. കൂടാതെ, ഉംറ നിർവഹിക്കുന്നതിനായി ‘നുസുക്’ പ്ലാറ്റ്‌ഫോം വഴി ബുക്കിംഗ് സ്ഥിരീകരിക്കേണ്ടതുണ്ട്. തുടർന്നു നടത്തുന്ന ഓരോ സന്ദർശന വേളയിലും ഈ നടപടിക്രമങ്ങൾ ആവർത്തിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. ഈ വിസ കൈവശമുള്ളവർക്ക് സൗദി അറേബ്യയിലെ ഏത് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ വഴിയും രാജ്യത്ത് പ്രവേശിക്കാവുന്നതാണ്. കൂടാതെ വിസാ കാലാവധിയുള്ള സമയങ്ങളിൽ രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതിയുണ്ട്.
എന്നാൽ, ഹജ്ജ് സീസൺ പ്രമാണിച്ചുള്ള സമയപരിധികൾ കർശനമായി പാലിക്കേണ്ടതുണ്ട്. ദുൽഖിഅ്ദ ഒന്ന് മുതൽ ദുൽഹജ്ജ് 13 വരെയുള്ള കാലയളവിൽ ഈ വിസ ഉപയോഗിച്ച് രാജ്യത്ത് തങ്ങാൻ പാടുള്ളതല്ല. ഉംറ വിസക്ക് പുറമെ, വിസിറ്റ് വിസ, ട്രാൻസിറ്റ് വിസ തുടങ്ങിയ ഏത് വിസകളിൽ രാജ്യത്ത് എത്തുന്നവർക്കും 'നുസുക്' ആപ്പ് വഴി പെർമിറ്റ് മുൻകൂട്ടി ലഭ്യമാക്കി ഉംറ നിർവഹിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.