ഹറം ഇമാം ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് മക്ക മസ്ജിദുൽ ഹറാമിൽ ജുമുഅ ഖുതുബ നിർവഹിക്കുന്നു
മക്ക: മസ്ജിദുൽ ഹറാമിെൻറ പവിത്രതയെ ആദരിക്കാനും തീർഥാടന നിയമങ്ങൾ കൃത്യമായി പാലിക്കാനും ഹജ്ജ് തീർഥാടകരോട് ആഹ്വാനം ചെയ്ത് ഹറം ഇമാം ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്. വെള്ളിയാഴ്ച മക്കയിലെ മസ്ജിദുൽ ഹറാമിൽ നടന്ന ജുമുഅ ഖുതുബയിലാണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്.
ഹജ്ജ് കർമങ്ങൾ സുഗമമാക്കുന്നതിനായി അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ചട്ടങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതിന്റെ അനിവാര്യത ഡോ. അൽസുദൈസ് ഊന്നിപ്പറഞ്ഞു. ജീവൻ സംരക്ഷിക്കുക, ജനത്തിരക്ക് നിയന്ത്രിക്കുക തുടങ്ങിയ ശരീഅത്ത് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഹജ്ജ് പെർമിറ്റ് നിർബന്ധമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടകർക്ക് മികച്ച സേവനം നൽകുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അദ്ദേഹം പ്രശംസിച്ചു. ഇവരുടെ സേവനം ആരാധനാകർമങ്ങൾ തടസ്സമില്ലാതെ നിർവഹിക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുസ്ലിം ലോകം നേരിടുന്ന തെറ്റായ പ്രചാരണങ്ങളെയും ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങളെയും കുറിച്ച് വിശ്വാസികൾ ബോധവാന്മാരായിരിക്കണം. നിലവിലെ സാഹചര്യത്തിൽ ജാഗ്രതയും വിവേകവും ഐക്യവും അത്യാവശ്യമാണ്. പുണ്യഭൂമിയിലെത്താൻ കഴിഞ്ഞ അനുഗ്രഹത്തിന് ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം. മികച്ച സ്വഭാവം പുലർത്താനും ദുർബലരെ സഹായിക്കാനും തിരക്കും തള്ളലും ഒഴിവാക്കി ശാന്തതയോടെ പെരുമാറാനും തീർത്ഥാടകർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ദൈവിക വെളിപാടുകളുടെയും പ്രവാചകന്മാരുടെയും ജന്മസ്ഥലമായ മക്കക്ക് മുസ്ലിം ലോകത്തിെൻറ ഹൃദയമെന്ന നിലയിൽ സവിശേഷ സ്ഥാനമാണുള്ളത്. ഭൂമിയിൽ ദൈവത്തിനായി നിർമിക്കപ്പെട്ട ആദ്യത്തെ ആരാധനാലയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതിനാൽ തന്നെ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ഒഴിവാക്കി പുണ്യസ്ഥലത്തിന്റെ മഹിമ കാത്തുസൂക്ഷിക്കണം.
ഹജ്ജ് ഇസ്ലാമിലെ ഏറ്റവും മഹത്തായ ആരാധനയാണെന്നും വരുംദിവസങ്ങളിൽ ദൈവഭയത്തോടെ സൽകർമങ്ങളിൽ മുഴുകാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഡോ. അൽസുദൈസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.