യാംബു: സൗദിയിൽ നിലവിൽ പൊതു, സ്വകാര്യ സ്കൂളുകളുടെ എണ്ണം ആകെ എണ്ണം 31,400 ആയതായി റിപ്പോർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2024ലെ സ്ഥിതിവിവരകണക്കിന്റെ ബുള്ളറ്റിനിലാണ് കണക്കുകൾ വ്യക്തമാക്കിയത്. 2023 നെ അപേക്ഷിച്ച് 181 സ്കൂളുകളുടെ വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
മൊത്തം സ്കൂളുകളുടെ എണ്ണത്തിൽ 76.6 ശതമാനം പൊതു സ്കൂളുകളാണെന്നും സ്വകാര്യ സ്കൂളുകളുടേത് 23.4 ശതമാനം ആണെന്നും അതോറിറ്റി വിശദീകരിച്ചു. ആൺകുട്ടികൾക്ക് 16,600 സ്കൂളുകളും പെൺകുട്ടികൾക്ക് 14,800 സ്കൂളുകളുമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. രാജ്യത്ത് 1,983 സ്വകാര്യ സ്ഥാപനങ്ങളും 95 സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടെ 2,078 സാങ്കേതിക, തൊഴിലധിഷ്ഠിത സ്ഥാപനങ്ങളാണുള്ളത്.
രാജ്യത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന പള്ളികളുടെ എണ്ണം 78,094 ആയി. ആരോഗ്യ, അടിയന്തര സേവന മേഖലയിൽ, രാജ്യത്തുട നീളമുള്ള റെഡ് ക്രസന്റ് സെന്ററുകളുടെ എണ്ണം 517 കേന്ദ്രങ്ങളിൽ എത്തി. 5,477 പാരാമെഡിക്കുകൾ ഈ വർഷം 800,000 ത്തിലധികം അടിയന്തര കേസുകളിൽ പ്രതികരിച്ചു. രാജ്യത്തെ സിവിൽ ഡിഫൻസ് സെന്ററുകളുടെ എണ്ണം 765 ആണ്.
സേവനങ്ങൾക്കായി മുനിസിപ്പൽ സെക്രട്ടേറിയറ്റുകളുടെ എണ്ണം 17 ഉം 112 ഉപ മുനിസി പ്പാലിറ്റികൾ ഉൾപ്പെടെ 380 മുനിസിപ്പാലിറ്റികളും ആണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ശാഖകളുടെ എണ്ണം രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമായി 125 എണ്ണമാണുളളത്.
ധനകാര്യ മേഖലയിൽ 15,000 എ.ടിഎമ്മുകൾക്ക് പുറമേ വാണിജ്യ ബാങ്ക് ശാഖകളുടെ എണ്ണം 1,905 ആയി. സോഷ്യൽ ഡെവലപ്‌മെന്റ് ബാങ്കിന് 25 ശാഖകളും, കാർഷിക വികസന ഫണ്ടിന് 61 ശാഖകളും, ചേംബർ ഓഫ് കൊമേഴ്‌സിന് 86 ശാഖകളുമുണ്ട്. 10 അന്താരാഷ്ട്ര വിമാനത്താവളങ്ങളും 19 പ്രാദേശിക വിമാനത്താവളങ്ങളും ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 29 ആയി.
സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും വികസനത്തി ന്റെയും ഭാഗമായി രാജ്യത്തുടനീളമുള്ള പൊതു സേവനങ്ങളുടെ നിലവാരത്തിലെ തുടർച്ചയായ പുരോഗതിയെ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നുവെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.