റിയാദ്​, സിംഗപ്പൂർ വിമാന സർവിസിനുള്ള കരാർ സൗദി എയർ കണക്റ്റിവിറ്റി പ്രോഗ്രാം,

സിംഗപ്പൂർ എയർലൈൻസ്​ പ്രതിനിധികൾ ഒപ്പിട്ടപ്പോൾ

നേരിട്ടുള്ള വിമാന സർവിസ് ജൂണിൽ ആരംഭിക്കും; റിയാദും സിംഗപ്പൂരും കൂടുതൽ അടുത്തേക്ക്

റിയാദ്: തലസ്ഥാനമായ റിയാദിനെയും സിംഗപ്പൂരിനെയും ബന്ധിപ്പിച്ചുള്ള നേരിട്ടുള്ള വിമാന സർവിസുകൾ ഈ വർഷം ജൂണിൽ ആരംഭിക്കും. സൗദി എയർ കണക്റ്റിവിറ്റി പ്രോഗ്രാമും (എ.സി.പി) സിംഗപ്പൂർ എയർലൈൻസും തമ്മിൽ ഇതുസംബന്ധിച്ച സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദി ഗതാഗത, ലോജിസ്​റ്റിക്സ് മന്ത്രി സാലിഹ് അൽ ജാസർ, സിംഗപ്പൂർ ഗതാഗത മന്ത്രി ജെഫ്രി സിയോവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാർ. സൗദി അറേബ്യയെ ആഗോള വ്യോമഗതാഗത കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാന ചുവടുവെപ്പാണിത്.

അത്യാധുനിക സൗകര്യങ്ങളുള്ള എ350-900 വിമാനമാണ്​ സർവിസ്​ നടത്തുക. 303 പേർക്ക് യാത്ര ചെയ്യാൻ ശേഷിയുള്ള വിമാനം ആഴ്ചയിൽ നാല് സർവീസ് നടത്തും. സിംഗപ്പൂർ ചാങി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമാണ്​ സർവിസ്​.

‘ദേശീയ ഗതാഗത ലോജിസ്​റ്റിക് സ്ട്രാറ്റജിയുടെ ഭാഗമായുള്ള ലക്ഷ്യം കൈവരിക്കാൻ ഈ കരാർ സഹായിക്കും. തെക്കുകിഴക്കൻ ഏഷ്യൻ വിപണികളുമായി സൗദിയെ ബന്ധിപ്പിക്കുന്ന സുപ്രധാന പാലമായി ഈ പുതിയ റൂട്ട് മാറും.’-സൗദി സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്​ദുൽ അസീസ് അൽദുവൈലിജ് പറഞ്ഞു.പുതിയ സർവീസ് രാജ്യത്തെ ടൂറിസം, വ്യാപാര മേഖലകൾക്ക് കരുത്തേകും. ബിസിനസ്​ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും വിനോദസഞ്ചാരികൾക്കും അന്താരാഷ്​ട്ര നിലവാരത്തിലുള്ള യാത്രാസൗകര്യം ലഭ്യമാകും. ബിസിനസ്​ സാഹചര്യങ്ങൾ കണക്കിലെടുത്താണ് റിയാദിലേക്ക് വീണ്ടും സർവിസ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന് സിംഗപ്പൂർ എയർലൈൻസ് ചീഫ് കൊമേഴ്‌സ്യൽ ഒഫീസർ ഗോ ചൂൺ ഫോങ് വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിനൊപ്പം സിംഗപ്പൂർ വഴിയുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാനും ഈ നീക്കം സഹായിക്കും.

Tags:    
News Summary - Direct flight service to begin in June; Riyadh and Singapore closer together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.