യാംബു: സൗദിയിൽ കോവിഡ് കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നതായി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിലവിലുള്ള 587 വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ കാര്യക്ഷമമായി നടക്കുന്നത്.
സൗദി പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും ആരോഗ്യ സുരക്ഷക്കായി കുറ്റമറ്റ സംവിധാനങ്ങളാണ് ആരോഗ്യമന്ത്രാലയം ആസൂത്രണം ചെയ്യുന്നത്.
സിഹത്തി ആപ്ലിക്കേഷൻ വഴി രാജ്യത്തുള്ള എല്ലാ ആളുകൾക്കും കുത്തിവെപ്പിനുള്ള നടപടികൾ സ്വീകരിക്കുന്ന സംവിധാനം ഏറെ ഫലം ചെയ്തതായി മന്ത്രാലയം വിലയിരുത്തി.
ഈ ആപ് വഴി സൗദിയിലെ പൗരന്മാർക്കും താമസക്കാർക്കും എളുപ്പത്തിൽ കുത്തിവെപ്പിനുള്ള സമയം ബുക്ക് ചെയ്യാനും വാക്സിൻ നൽകുന്ന കേന്ദ്രങ്ങളുടെ വിവരങ്ങളും അറിയാനും കഴിയും.
ആദ്യ കുത്തിവെപ്പിന് അപേക്ഷിക്കാത്തവർ സിഹത്തി വഴി അപേക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. രാജ്യത്ത് അംഗീകരിച്ച വാക്സിനുകൾ ഏറെ ഫലപ്രദവും സുരക്ഷിതവുമാണ്. കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിനായി സൗദി ഭരണകൂടം കുത്തിവെപ്പ് സൗജന്യമായി നൽകുന്ന പ്രക്രിയക്ക് ആധുനിക സൗകര്യങ്ങളാണ് ഓരോ കുത്തിവെപ്പ് കേന്ദ്രങ്ങളിലും സംവിധാനിച്ചിട്ടുള്ളത്.
ആദ്യ ഡോസ് കുത്തിവെപ്പ് ഏറക്കുറെ പൂർത്തിയാകുന്ന മുറക്കായിരിക്കും രണ്ടാമത്തെ ഡോസിനുള്ള സൗകര്യം സിഹത്തി ആപ് വഴി ഉപഭോക്താവിനെ അറിയിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.