സൗദി അറേബ്യയിലും ഒമിക്രോൺ വൈറസ് കണ്ടെത്തി

ജിദ്ദ: സൗദി അറേബ്യയിലും കോവിഡിന്റെ വകഭേദം വന്ന ഒമിക്രോൺ വൈറസ് കണ്ടെത്തി. വടക്കേ ആഫ്രിക്കയില്‍ നിന്നെത്തിയ സ്വദേശി പൗരന് രോഗ ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതനായ വ്യക്തിയെയും അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും അടുത്തിടപഴകിയവരെയും ക്വാറന്റൈനിലാക്കിയതായും ആവശ്യമായ ആരോഗ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു.

ഒമിക്രോൺ വൈറസ് രാജ്യത്ത് കണ്ടെത്തുന്നതിനുള്ള സാഹചര്യങ്ങൾ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെയും പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെയും പരിശ്രമങ്ങളുടെ ഫലമായാണ് ആദ്യ കേസ് കണ്ടെത്തിയതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും കോവിഡ് വാക്സിൻ ഡോസുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും അംഗീകൃത പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിന്റെ ആവശ്യകതയും രാജ്യത്തേക്ക് വിദേശ യാത്ര കഴിഞ്ഞെത്തുന്നവർ ക്വാറന്റൈനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ സൗദിയിൽ വിവിധ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലുമെല്ലാം പരിശോധന കർശനമാക്കിയിരുന്നു. രോഗം കണ്ടെത്തിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും  വിദേശികൾക്ക് യാത്ര വിലക്കും പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - The Ministry of Health says the first omicron virus has been detected in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.