സൗദി, തുർക്കിയ, പാകിസ്താൻ പ്രതിരോധ സഖ്യത്തി​െൻറ ആദ്യ രാഷ്​ട്രീയ-പ്രതിരോധ സമിതി യോഗം ഇസ്​താംബൂളിൽ ആരംഭിച്ചപ്പോൾ

ഇസ്താംബൂൾ യോഗത്തോടെ ‘മക്ക സഖ്യ’ത്തിന് കൂടുതൽ കരുത്ത്

റിയാദ്/ഇസ്താംബൂൾ: സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ സൗഹൃദ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ ‘മക്ക സംയുക്ത പ്രതിരോധ കരാറി’​െൻറ ഭാഗമായുള്ള രാഷ്​ട്രീയ-പ്രതിരോധ തന്ത്രപ്രധാന സമിതിയുടെ ആദ്യ യോഗം തുർക്കിയിലെ ഇസ്താംബൂളിൽ ചേർന്നു.

കഴിഞ്ഞ ആഗസ്​റ്റ്​ ഏഴിന് മക്കയിലെ അൽ സഫ കൊട്ടാരത്തിൽ വെച്ച് നിലവിൽ വന്ന ഈ ചരിത്ര കരാർ ഇനി മുതൽ ‘മക്ക സഖ്യം’ എന്ന പേരിൽ അറിയപ്പെടുമെന്ന് യോഗത്തിനു ശേഷം തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ പ്രഖ്യാപിച്ചു. ഏതെങ്കിലും പ്രത്യേക രാജ്യത്തിനെതിരെയല്ല ഈ കൂട്ടായ്മയെന്നും, ഉഭയകക്ഷി പ്രതിരോധ സംവിധാനമായ നാറ്റോക്ക് അനുപൂരകമായാണ് ഇത് പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായി കൂടുതൽ പങ്കാളികളെ ഉൾപ്പെടുത്തി സഖ്യം വിപുലീകരിക്കുന്നതിനായി മൂന്ന് രാജ്യങ്ങളും ചേർന്ന് പ്രത്യേക കർമരേഖ തയ്യാറാക്കി വരികയാണ്. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ നയിച്ച ഉന്നതതല പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ചീഫ് ഓഫ് ജനറൽ സ്​റ്റാഫ് ഫസ്​റ്റ്​ ലഫ്റ്റനൻറ്​ ജനറൽ ഫയാദ് ബിൻ ഹമദ് അൽ റുവൈലി, ഇൻറലിജൻസ് കാര്യ ഉപദേഷ്​ടാവ് ഹിഷാം ബിൻ അബ്​ദുൽ അസീസ്, അംബാസഡർ ഫഹദ് ബിൻ അസദ് അബു അൽ നസർ എന്നിവർ പങ്കെടുത്തു.

പങ്കാളിത്ത രാജ്യങ്ങളിലെ വിദേശകാര്യ-പ്രതിരോധ മന്ത്രിമാരും സൈനിക തലവന്മാരും ഒന്നിച്ച യോഗത്തിൽ ഭാവി സുരക്ഷാ പദ്ധതികൾ, അന്താരാഷ്​ട്ര വിഷയങ്ങൾ, മൂന്ന് രാജ്യങ്ങളിലെയും സായുധ സേനകൾ സംയുക്തമായി പ്രവർത്തിക്കാനുള്ള സാധ്യതകൾ എന്നിവ വിശദമായി ചർച്ച ചെയ്യുകയും നിർണായക തീരുമാനങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു.

പങ്കാളിത്ത രാജ്യങ്ങളുടെ സുരക്ഷ പരസ്പരബന്ധിതമാണെന്നും വെല്ലുവിളികളെ നേരിടാൻ തന്ത്രപരമായ രാഷ്​ട്രീയ ഏകോപനവും സൈനിക സംയോജനവും അത്യാവശ്യമാണെന്നും സൗദി പ്രതിരോധ മന്ത്രി വ്യക്തമാക്കി. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ കരാറിലെ നിർദ്ദേശങ്ങൾ മുൻനിർത്തി സഹകരണം ശക്തമായി തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

വാർത്താസമ്മേളനത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ തുർക്കി വിദേശകാര്യ മന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. ഗാസയിൽ വംശഹത്യ നടത്തുന്ന നെതന്യാഹു അന്താരാഷ്​ട്ര സുരക്ഷക്കും മാനവികതക്കും ഭീഷണിയാണെന്നും, അദ്ദേഹത്തി​െൻറ വാദങ്ങൾ വിലക്കെടുക്കേണ്ടതില്ലെന്നും ഫിദാൻ കൂട്ടിച്ചേർത്തു. മക്ക പ്രതിരോധ സഖ്യത്തി​െൻറ കടന്നുവരവോടെ മേഖലയിൽ സുസ്ഥിരതയും സമാധാനവും ശക്തമായി പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - 'Makkah Alliance' gains strength following Istanbul meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.