മാധ്യമ സഹകരണ കരാർ സൗദി, സിറിയൻ ഇൻഫർമേഷൻ മന്ത്രിമാർ ഒപ്പിടുന്നു
റിയാദ്: സൗദി അറേബ്യയും സിറിയയും തമ്മിൽ സംയുക്ത മാധ്യമ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധാരണയായി. ഇതിെൻറ ഭാഗമായി സൗദി റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റിയും സിറിയൻ മാധ്യമ വിഭാഗവും തമ്മിൽ നിർണായക കരാറിൽ ഒപ്പുവെച്ചു.
സൗദി ഇൻഫർമേഷൻ മന്ത്രി സൽമാൻ അൽ ദോസരി, സിറിയൻ ഇൻഫർമേഷൻ മന്ത്രി ഖാലിദ് സഅ്ദൂറിയെയും സംഘത്തെയും റിയാദിലെ ഓഫീസിൽ സ്വീകരിച്ച ചടങ്ങിലാണ് കരാർ ഒപ്പുവെച്ചത്. പദവിയിൽ ചുമതലയേറ്റ ശേഷം സിറിയൻ മന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക സൗദി സന്ദർശനമാണിത്.
റേഡിയോ, ടെലിവിഷൻ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം വിപുലീകരിക്കുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്. സൗദി റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി സി.ഇ.ഒ അലി ബിൻ അബ്ദുല്ല അലൈദും സിറിയൻ ജനറൽ റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി ഡയറക്ടർ ജനറൽ അലാ മുസ്തഫ ബർസീലുമാണ് കരാറിൽ ഒപ്പുവെച്ചത്.
സംസ്കാരം, വിദ്യാഭ്യാസം, ശാസ്ത്രം, വിനോദം, കായികം, വാർത്തകൾ തുടങ്ങിയ മേഖലകളിൽ ഓഡിയോ-വിഷ്വൽ പ്രോഗ്രാമുകൾ പരസ്പരം കൈമാറാൻ ധാരണയായിട്ടുണ്ട്. കൂടാതെ, വിവരങ്ങളും അനുഭവസമ്പത്തും പങ്കുവെക്കുക, വിദഗ്ധരുടെ സന്ദർശനം പ്രോത്സാഹിപ്പിക്കുക, കോൺഫറൻസുകളും സെമിനാറുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുക എന്നിവയും കരാറിന്റെ ഭാഗമാണ്.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മാധ്യമ സഹകരണവും സംയുക്ത പരിപാടികളുടെ സാധ്യതകളും അവലോകനം ചെയ്തു. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഒരു എക്സിക്യൂട്ടീവ് വർക്കിങ് ഗ്രൂപ്പ് രൂപവത്കരിക്കാനും തീരുമാനമായി. സന്ദർശന വേളയിൽ റിയാദിലെ ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ സന്ദർശിച്ച സിറിയൻ ഇൻഫർമേഷൻ മന്ത്രി, മാധ്യമ രംഗത്തെ പദ്ധതികളെക്കുറിച്ചും മാധ്യമപ്രവർത്തകർക്കുള്ള പരിശീലന പരിപാടികളെക്കുറിച്ചും മനസ്സിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.