മദീന: സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി, മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. മദീന ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറൽ അഹമ്മദ് ബക്കർ സൈദാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ മദീന ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് ചെയർമാൻ ഫഹദ് അല്യാൻ അൽമുഗീർ പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മദീനയിലെ രണ്ടാമത്തേതും, പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളലെ നാലാമത്തേയും സ്റ്റോറാണ് മദീനയിലേത്. മദീന കിംഗ് ഖാലിദ് റോഡിൽ ഹറമൈൻ ട്രെയിൻ സ്റ്റേഷന് സമീപമാണ് പുതിയ സ്റ്റോർ. തീർത്ഥാടകർക്കും പ്രദേശവാസികൾക്കും കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉറപ്പാക്കുന്നതിനും സൗദി വിഷന് 2030ന് പിന്തുണയേകുന്നതിന്റെയും ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.
കൂടുതൽ മികച്ച വികസന പദ്ധതികളാണ് സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പിനുള്ളതെന്നും, കൂടുതൽ തൊഴിലവസരവും പ്രാദേശിക വികസനത്തിനും കരുത്തേകുന്നത് കൂടിയാണിതെന്നും അദേഹം പറഞ്ഞു. സൗദി ഭരണനേതൃത്വം നൽകിവരുന്ന പിന്തുണയ്ക്കും എം.എ യൂസഫലി നന്ദി അറിയിച്ചു.
95,628 സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായുള്ള പുതിയ ഹൈപ്പർമാർക്കറ്റിൽ ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ്, ബേക്കറി, ഇറച്ചി, മീൻ കൗണ്ടറുകൾ കൂടാതെ തുണിത്തരങ്ങൾ, ഇലകട്രോണിക്സ് മൊബൈൽ അക്സസറീസ് വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിപലുമായ ശേഖരവും ലഭ്യമാണ്. മികച്ച പാർക്കിംങ്ങ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി, ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.